ഹൈദരാബാദ്:മഴക്കാലത്ത് ജലസേചന പദ്ധതികൾക്ക് കീഴിലുള്ള ടാങ്കുകൾ മുൻഗണനാടിസ്ഥാനത്തിൽ നിറക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ നിർദേശം. ഇതിനായി കനാൽ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ ജലസേചന കനാലുകളും മഴക്കാലത്തിന് മുന്നോടിയായി പൂർത്തീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഗോദാവരി നദീതട പ്രദേശത്ത് ഈ മൺസൂണിൽ സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി തെലങ്കാന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഗതി ഭവനിൽ വച്ച് ഒരു ഉന്നതതല അവലോകന യോഗം ചേർന്നിരുന്നു. ഗോദാവരി തടത്തിന് കീഴിലുള്ള പദ്ധതികളിൽ നിന്ന് മൺസൂൺ സമയത്ത് വെള്ളം തുറന്നുവിടുമ്പോൾ, എല്ലാ ടാങ്കുകളും ജലാശയങ്ങളും നിറയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി കൂടുതൽ കനാലുകൾ ഉടനടി നിർമിക്കുക, സംസ്ഥാനത്തെ എല്ലാ ടാങ്കുകളും ജലാശയങ്ങളിലും വർഷം മുഴുവൻ വെള്ളം നിറയ്ക്കുന്ന ഒരു പദ്ധതി നടപ്പിലാക്കുക, കനാൽ ഭൂമിയിലുള്ള കയ്യേറ്റങ്ങൾ തടയുക എന്നിങ്ങനെയുള്ള നിർദേശങ്ങളും അദ്ദേഹം ഒരു പ്രസ്താവനയിലൂടെ വിശദമാക്കി.
മഴക്കാലത്തിന് മുമ്പ് സംസ്ഥാനത്തെ കനാൽ പദ്ധതികൾ പൂർത്തീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രിയുടെ നിർദേശം - കനാൽ പദ്ധതികൾ
മഴക്കാലത്ത് ജലസേചന പദ്ധതികൾക്ക് കീഴിലുള്ള ടാങ്കുകൾ മുൻഗണനാടിസ്ഥാനത്തിൽ നിറക്കാനും ഇതിനായി ജലസേചന കനാലുകളുടെ നിർമാണം ഉടനടി പൂർത്തീകരിക്കണമെന്നും കെ. ചന്ദ്രശേഖർ റാവു നിർദേശിച്ചു
ആയിരക്കണക്കിന് കോടി ചെലവഴിച്ച് നിർമിച്ച ജലസേചന പദ്ധതികളുടെ ഓരോ തുള്ളി വെള്ളവും പാഴാക്കാതെ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലസേചന പദ്ധതികളുടെ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ അടിസ്ഥാനമാക്കി നവീകരിക്കണ പ്രവർത്തനങ്ങൾ നടത്തണം. ഓരോ പദ്ധതിയുടെയും അറ്റകുറ്റപ്പണികൾക്കായി ഒ&എം മാനുവൽ തയ്യാറാക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വിവരിക്കുന്നുണ്ട്. കാലേശ്വരം പദ്ധതിക്ക് കീഴിലുള്ള എല്ലാ പമ്പുകളുടെയും നിർമാണം മെയ് അവസാനത്തോടെ പൂർത്തിയാക്കണമെന്നും അതുവരെ കോണ്ടാ പൊച്ചമ്മ സാഗർ വരെ വെള്ളം പമ്പ് ചെയ്യാനും അദ്ദേഹം നിർദേശിച്ചു. ജലസേചന വകുപ്പിന്‍റെ സ്ഥലങ്ങളും കായലുകളും അനധികൃതമായി കൈയേറ്റം ചെയ്യുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.