ന്യൂഡൽഹി: വിദേശികളായ തബ്‌ലീഗ് അംഗങ്ങളുടെ വിസകൾ റദ്ദാക്കി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി. ഈ നടപടികളിൽ പൊതുനിർദേശം നൽകിയിട്ടുണ്ടോയെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. വിസ റദ്ദാക്കുന്നതിനെക്കുറിച്ചും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചും കേന്ദ്രസർക്കാർ ഒരു വിവരവും നൽകിയിട്ടില്ലെന്നും സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തതിനാൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കാണിച്ച് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഇക്കാര്യത്തിൽ ജൂലൈ രണ്ടിനകം കേന്ദ്രം മറുപടി നൽകണമെന്നും കോടതി അറിയിച്ചു.
തബ്‌ലീഗ് സമ്മേളനം; വിദേശികളുടെ വിസ റദ്ദാക്കിയ നടപടിയിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ് - തബ്‌ലീഗ് വിദേശികൾ
വിസ റദ്ദാക്കുന്നതിനെക്കുറിച്ചും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചുമുള്ള ഒരു വിവരവും വിദേശികൾക്ക് ലഭിച്ചിട്ടില്ലെന്നും വിദേശികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുക മാത്രമാണ് ചെയ്‌തതെന്നും ഹർജിയിൽ പറയുന്നു
വിസ റദ്ദാക്കുന്നതിനെക്കുറിച്ചോ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചോ ഒരു ഉത്തരവും വിദേശികൾക്ക് ലഭിച്ചിട്ടില്ലെന്നും വിദേശികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുക മാത്രമാണ് ചെയ്‌തതെന്നും അഭിഭാഷകനായ സി.യു സിംഗ് കോടതിയെ അറിയിച്ചു. 900 പേരെ കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഈ വർഷം ഡൽഹിയിലെ നിസാമുദീൻ മർകസിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് പരിപാടിക്ക് ശേഷം കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായെന്നാണ് ആരോപണം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ മറുപടി ലഭിച്ചാൽ മാത്രമേ തീരുമാനം എടുക്കാനാകൂവെന്ന് സുപ്രീം കോടതി അറിയിച്ചു. വിസ റദ്ദാക്കൽ ഉത്തരവുകളെക്കുറിച്ചും വിദേശികൾ ഇന്ത്യയിൽ തുടരുന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് സുപ്രീംകോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു.