ന്യൂഡല്‍ഹി: നിർഭയ കേസിലെ പ്രതിയുടെ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന് വധശിക്ഷ തന്നെ ലഭിക്കും. പ്രതിഭാഗത്തിന്‍റെ വാദം പൂർണമായും കേട്ട ശേഷമാണ് കോടതിയുടെ ഉത്തരവ്. നേരത്തെ മറ്റ് പ്രതികൾ നല്‍കിയിരുന്ന പുനപരിശോധന ഹർജിയും കോടതി തള്ളിയിരുന്നു.
നിർഭയ കേസ്; അക്ഷയ് സിംഗ് ഠാക്കൂറിന് വധശിക്ഷ തന്നെ - നിർഭയ കേസ് പ്രതിക്ക് തിരിച്ചടി
കേസില്‍ നീതി പൂർവമായ വാദം നടന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം.

പുനപരിശോധന ഹർജി പരിഗണിക്കാൻ നേരത്തെ രൂപീകരിച്ച മൂന്നംഗ ബെഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പിന്മാറിയിരുന്നു. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, എ.എസ് ബൊപ്പണ്ണ എന്നിവരാണ് ഹർജിയില്‍ വാദം കേട്ടത്.
വനിത ജഡ്ജിക്ക് മുന്നിലാണ് പുനപരിശോധന ഹർജിയില്‍ വാദം നടന്നത്. കേസില്‍ നീതി പൂർവമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. അരമണിക്കൂർ കൊണ്ട് വാദം തീർക്കണമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ഭാനുമതി ആവശ്യപ്പെട്ടത്. മാധ്യമങ്ങളുടേതടക്കം സമ്മർദമുള്ളതിനാലാണ് നീതി നിഷേധിക്കപ്പെട്ടതെന്നും പ്രതിയുടെ അഭിഭാഷകൻ എ.പി സിംഗ് കോടതിയില്‍ ആവശ്യപ്പെട്ടു.