അഹമ്മദാബാദ്:സർക്കാരിനെ വിമർശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഇത്തരം വിമർശനങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് ദീപക് ഗുപ്‌ത. ഭൂരിപക്ഷവാദം നിയമമാക്കാന്‍ പറ്റില്ല. ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ "ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും" എന്ന വിഷയത്തില്‍ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരെയുള്ള വിമര്‍ശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ല: ജസ്റ്റിസ് ദീപക് ഗുപ്‌ത
പുതിയ ചിന്തകളും മതാചാരങ്ങളുമെല്ലാം വികസിക്കുന്നത് പഴയതിനെ ചോദ്യം ചെയ്യുമ്പോഴാണെന്നും ജസ്റ്റിസ് ദീപക് ഗുപ്‌ത അഹമ്മദാബാദില്‍ പറഞ്ഞു
എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ബ്യൂറോക്രസി, സായുധ സേന എന്നിവയുടെ വിമർശനത്തെ രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാനാവില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നമ്മള്‍ തടയാന്‍ ശ്രമിച്ചാല്‍ നമ്മുടേത് ജനാധിപത്യരാജ്യത്തിന് പകരം പൊലീസ് രാജ് ആവും. ഭരണഘടനയില്‍ അധികം പറഞ്ഞിട്ടില്ലാത്ത ഒരു അവകാശം കൂടി എന്നെ സംബന്ധിച്ചുണ്ട്.
അഭിപ്രായം പറയാനും മനസാക്ഷിക്കുനിരക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് പുറമെ ഏറ്റവും മുഖ്യമായ ഒന്നുണ്ട്. അത് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഓരോ സമൂഹത്തിനും അവരുടേതായ നിയമങ്ങളുണ്ട്. ജനം കാലപ്പഴക്കമുള്ള നിയമങ്ങളിലും സമ്പ്രദായങ്ങളിലും കടിച്ചുതൂങ്ങുമ്പോള്‍ സമൂഹം ക്ഷയിക്കുകയാണ്. അത് പിന്നെ വികസിക്കുന്നില്ല. പുതിയ ചിന്തകളും മതാചാരങ്ങളുമെല്ലാം വികസിക്കുന്നത് പഴയതിനെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണെന്നും ജസ്റ്റിസ് ഗുപ്‌ത കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യറിയും വിമര്‍ശനത്തിന് അതീതമല്ലെന്നും താന്‍ സുപ്രീം കോടതി ജഡ്‌ജിയെന്ന നിലയിലല്ല ഈ അഭിപ്രായങ്ങള്‍ പറയുന്നതെന്നും അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
TAGGED:
army