ന്യൂഡല്‍ഹി: ജമ്മുവില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം സഞ്ചരിക്കവെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറസ്‌റ്റിലായതിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനഗറിലെയും ജമ്മുവിലെയും വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്‌തമാക്കി. വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ജമ്മു കശ്‌മീര്‍ അഡീഷണല്‍ സെക്രട്ടറി ഖാലിദ് മജീദ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന് കശ്‌മീര്‍ പൊലീസ് കേന്ദ്ര സര്‍ക്കാരിനോട് ആഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി.
ജമ്മു, ശ്രീനഗര്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്‌തമാക്കി - ജമ്മു വിമാനത്താവളം
വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു.
കുല്‍ഗാമിലെ മിര്‍ബസാറിന് അടുത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദര്‍ സിങ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവേയാണ് ദേവീന്ദര്‍ സിങ് പിടിയിലായത്. ദേവീന്ദര്‍ സിങ്ങിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്. ഒപ്പം ദേവീന്ദറിനെ പൊലീസില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും ജമ്മു കശ്‌മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.
ദേവീന്ദർ സിങിന് സമ്മാനിച്ച 'ഷേർ ഇ കശ്‌മീർ' മെഡൽ പിൻവലിച്ചുകൊണ്ട് കശ്മീർ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്‍ഐഎ ആണ് നിലവില്‍ കേസില്‍ അന്വേഷണം നടത്തുന്നത്.