ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തില്‍ പുനഃസംഘടനയുമായി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി അസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളില്‍ നിന്നും മാറ്റിക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചത്.
കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയും പുനഃസംഘടിപ്പിച്ചു. മദുസൂദനൻ മിസ്‌ത്രി ചെയർമാനായ അതോറിറ്റിയില്‍ രാജേഷ് മിശ്ര, കൃഷ്‌ണ ബൈര ഗൗഡ, എസ് ജോതിമണി, അവീന്ദർ സിംഗ് ലൗലി എന്നിവരാണ് മറ്റ് അംഗങ്ങൾ. അതേസമയം ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ഖാർഗെ, മോട്ടി ലാല്‍ വോറ, ലൂസേനിയോ ഫലേറിയോ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി.
കേരളത്തിന്‍റെ ചുമതലയില്‍ നിന്നും മുകുൾ വാസ്‌നികിനെ ഒഴിവാക്കി. പകരം താരിഖ് അൻവറാണ് കേരളത്തിന്‍റെ ചുമതലയുള്ള പുതിയ എഐസിസി ജനറല്‍ സെക്രട്ടറി. എ.കെ ആന്‍റണി, കെ.സി വേണുഗോപാല്‍, ഉമ്മൻ ചാണ്ടി എന്നിവർ കോൺഗ്രസ് പ്രവർത്തക സമിതിയില്‍ തുടരും.