ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടി യോഗത്തിൽ കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി . വീഡിയോ കോൺഫറൻസില്‍ 22 വിവിധ പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. യോഗത്തിൽ സാമ്പത്തിക പാക്കേജിനെക്കുറിച്ച് സംസാരിച്ച കോൺഗ്രസ് അധ്യക്ഷ പാക്കേജിനെ കേന്ദ്രസർക്കാരിന്‍റെ 'ക്രൂരമായ തമാശ' എന്ന് വിളിച്ചു. സഹായം, പിന്തുണ എന്നിവക്ക് പകരം പൊതുമേഖലാ യൂണിറ്റുകളുടെ ഗ്രാൻഡ് ക്ലിയറൻസ് വിൽപ്പനയും, തൊഴിൽ നിയമങ്ങൾ റദ്ദാക്കലും ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ സർക്കാരിന്‍റെ സാഹസികതയാണ്.
കൊവിഡിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് സോണിയ ഗാന്ധി പ്രതിപക്ഷ പാർട്ടി യോഗം വിളിച്ചു ചേർത്തത്. പാക്കേജിന്‍റെ കാര്യത്തിൽ ഓഹരി ഉടമകളുമായോ, പാർലമെന്‍റ് ചർച്ചകളോ നടന്നിട്ടില്ല. കൊവിഡ് പ്രതിസന്ധിക്കുമുമ്പും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് രാജ്യത്തെ ക്രൂരമായ തമാശയാണ്. കേന്ദ്രസർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും സോണിയ വിമർശിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങളെക്കുറിച്ച് സർക്കാരിന് നിശ്ചയമില്ലായിരുന്നു. തുടർച്ചയായ ലോക്ക് ഡൗൺ വരുമാനം കുറക്കുന്നു. പരീക്ഷണങ്ങൾ നടത്തുന്നതിലും, ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്യുന്നതിലും സർക്കാരിന് വീഴ്‌ചപറ്റി.