ന്യൂഡല്‍ഹി:ഉള്ളി വിലയെക്കുറിച്ച് സംസാരിക്കുന്നതിന്‍റെ ഒരു ഭാഗം മാത്രമെടുത്ത് തന്‍റെ വാക്കുകള്‍ ദുര്‍വാഖ്യാനം ചെയ്യുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ . അധികം ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ നിര്‍മലാ സീതാരാമനെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പരിഹസിച്ചിരുന്നു. കേന്ദ്ര മന്ത്രി കഴിക്കുന്നത് അവക്കാഡോ ആണോ എന്നായിരുന്നു ചിദംബരത്തിന്‍റെ ചോദ്യം. ഉള്ളി വില വര്‍ധനവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉള്ളി കഴിക്കാറില്ലെന്നാണ് കേന്ദ്ര ധനമന്ത്രി പറഞ്ഞത്. ഈ സര്‍ക്കാരിന്‍റെ മാനസികാവസ്ഥയാണ് ധനമന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നും പി ചിദംബരം പറഞ്ഞു.
ഉള്ളി കഴിക്കാത്ത ധനമന്ത്രി; ട്രോളുകളില്‍ മുങ്ങി നിര്‍മലാ സീതാരാമന്‍
താന്‍ ഉള്ളി കഴിക്കാറില്ലെന്ന നിര്‍മലാ സീതാരാമന്‍റെ പരാമര്‍ശം വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയും കോണ്‍ഗ്രസും പ്രസ്താവനയെ പരിസഹിച്ച് കൊണ്ട് രംഗത്ത് വന്നു. കേന്ദ്ര മന്ത്രി കഴിക്കുന്നത് അവക്കാഡോ ആണോ എന്ന് പി ചിദംബരം പരിഹസിച്ചിരുന്നു.
കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ ഉള്ളി വില സംബന്ധിച്ച ചര്‍ച്ചക്കിടെ മറുപടി പ്രസംഗം നടത്തുമ്പോഴായിരുന്നു നിര്‍മലാ സീതാരാമന്‍ വിവാദ പരാമര്‍ശം നടത്തിയത്. താന്‍ ഉള്ളിയോ വെളുത്തുള്ളിയോ അധികം കഴിക്കാറില്ലെന്നും ഇത് രണ്ടും അധികം കഴിക്കാത്ത കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നുമായിരുന്നു മന്ത്രി പ്രസംഗത്തിനിടയില്‍ പറഞ്ഞത്. എന്നാല്‍ താന്‍ പരിഹസിക്കുന്നതല്ലെന്നും അവരുടെ വാക്കുകള്‍ എടുത്ത് പറഞ്ഞെന്നേയുള്ളൂവെന്നും പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെ പദ്ധതി തയ്യാറാക്കേണ്ടതായിരുന്നെന്നും ചിദംബരം പറഞ്ഞു.
അതേസമയം നിര്‍മലാ സീതാരാമന്‍റെ പ്രസ്താവനക്കെതിരെ ട്രോളന്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ഞാന്‍ ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ട് ഗോതമ്പിന് വില കൂടുന്നത് കൊണ്ട് എനിക്ക് പ്രശ്നമില്ലെന്ന പഞ്ചാബി ഹൗസ് സിനിമയിലെ രമണന്‍റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയുള്ള ട്രോളുകള്‍ ട്വിറ്ററില്‍ വൈറലാവുകയാണ്.