ന്യൂഡൽഹി: സ്വകാര്യ സ്‌കൂളുകളുടെ ഓൺലൈൻ ക്ലാസുകൾ വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സ്വകാര്യ സ്‌കൂളുകൾ ഫീസ് അടക്കാനും കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കാനും നിർബന്ധിക്കുന്നതായി നിരവധി രക്ഷിതാക്കൾ ആരോപിക്കുന്നു. കർണാടക ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ മാത്രമാണ് ഓൺലൈൻ ക്ലാസുകൾക്ക് എതിർപ്പ് പ്രകടിപ്പിക്കുന്നത്.
ഓൺലൈൻ ക്ലാസുകൾ ചെറിയ ക്ലാസുകളിലെ കുട്ടികളുടെ കാഴ്‌ചയെയും കേൾവിശക്തിയെയും ബാധിക്കുമെന്ന് എംഡിഎംകെ എംപി വൈക്കോ പറഞ്ഞു. ഗ്രാമീണ മേഖലയിലെ പല വീടുകളിലും ശരിയായ ഇന്‍റർനെറ്റ് കണക്ഷനോ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, സ്‌മാർട്ട്‌ഫോൺ സൗകര്യങ്ങളോ ഇല്ലെന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞതാണ്. എൻഎസ്‌എസ്ഒ നടത്തിയ സർവേയിൽ ഗ്രാമീണ മേഖലയിലെ 4.4 ശതമാനം വീടുകളിലും നഗരത്തിലെ 23.4 ശതമാനം വീടുകളിലും മാത്രമാണ് കമ്പ്യൂട്ടർ ഉള്ളത്. അതിൽ ഗ്രാമീണ മേഖലയിലെ 14.9 ശതമാനം വീടുകളിലും നഗരങ്ങളിൽ 42 ശതമാനം വീടുകളിലും മാത്രമാണ് ഇന്‍റർനെറ്റ് സൗകര്യമുള്ളത്. 56 ശതമാനം വിദ്യാർഥികൾക്കും സ്‌മാർട്ട്‌ഫോണില്ലെന്നും വൈക്കോ പറഞ്ഞു.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ഉടൻ ഇക്കാര്യത്തിൽ ഇടപെടണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും ഈ രീതിയിൽ തുല്യമായി വിദ്യാഭ്യാസം നൽകാൻ സാധിക്കില്ല. ഓൺലൈൻ ക്ലാസ് സൗകര്യം ലഭിക്കാത്തതിനാൽ കേരളത്തിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്‌തു. അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ കർണാടക സർക്കാർ നിരോധിച്ചു. ക്ലാസുകൾ നടത്തുന്നതിന് വിവിധ വിദ്യാഭ്യാസ ചാനലുകൾ കേന്ദ്രസർക്കാരിന് തെരഞ്ഞെടുക്കാം. സ്വകാര്യ ടിവി ചാനലുകളിലൂടെയും ക്ലാസുകൾ നടത്താൻ സർക്കാർ ശ്രമം നടത്തണമെന്നും തരൂർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഓൺലൈൻ ക്ലാസുകൾ ഒരിക്കലും ഭൗതികമായ വിദ്യാഭ്യാസത്തിന് പകരമാവില്ലെന്നും അതുകൊണ്ട് തന്നെ ഇത്തരം ക്ലാസുകൾ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നും വിദ്യാഭ്യാസ വിദഗ്‌ധൻ അനുപം സിംഗ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിലും കുട്ടികള്‍ ഓൺലൈൻ, ടിവി എന്നിവ വഴിയുള്ള ക്ലാസുകൾക്ക് നിർബന്ധിതരാകുന്നു. അടുത്ത അധ്യയന വർഷം വെട്ടിച്ചുരുക്കിയും പരീക്ഷകൾ മാറ്റിവച്ചും കുട്ടികളിലെ ഭാരം കുറക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യങ്ങൾ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും ശശി തരൂർ ട്വിറ്ററിലൂടെ അറിയിച്ചു.