സുപ്രീം കോടതി ഇടപെടൽ സ്വാഗതം ചെയ്ത് ഷഹീൻ ബാഗ് പ്രതിഷേധക്കാർ - സുപ്രീം കോടതി ഇടപെടൽ സ്വാഗതം ചെയ്‌തുകൊണ്ട് ഷഹീൻ ബാഗ് പ്രതിഷേധക്കാർ
സമര പ്രദേശത്ത് നിന്നും ഒഴിയാൻ തയ്യാറല്ലെന്ന് പ്രതിഷേധക്കാർ
ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ. പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ രജിസ്റ്റർ, ദേശീയ പൗരത്വ രജിസ്റ്റർ എന്നീ വിഷയങ്ങളെ സംബന്ധിച്ച് സർക്കാരുമായി ചർച്ച നടത്താൻ തയ്യാറാണെന്നും പ്രതിഷേധക്കാർ അറിയിച്ചു. എന്നാൽ പ്രദേശത്ത് നിന്നും ഒഴിയാൻ തയ്യാറല്ലെന്നും സമരക്കാർ കൂട്ടിച്ചേർത്തു. പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായി സമരക്കാരുമായി ഇടപെടാൻ സുപ്രീം കോടതി മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധ്‌ന രാമചന്ദ്രൻ, മുൻ ചീഫ് ഇൻഫർമേഷൻ കമ്മിഷണർ വജാത്ത് ഹബീബുല്ല എന്നിവരെ നിയോഗിച്ചു. ഫെബ്രുവരി 24ന് ഹർജിയിൽ കൂടുതൽ വാദം കേൾക്കും. ഞങ്ങൾ റോഡുകൾ തടയുന്നില്ല. സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കണം. സുപ്രീം കോടതിയുടെ ഇടപെടൽ തങ്ങളുടെ ആവശ്യം നിറവേറ്റുന്നതിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സമരക്കാർ പറയുന്നു.