കേരളം

kerala

ETV Bharat / bharat

സീരിയല്‍ കില്ലര്‍ സയനൈഡ് ശിവ അറസ്‌റ്റില്‍

10 പേരെയാണ് സയനൈഡ് ശിവ എന്ന വെല്ലങ്കി സിംഹാദ്രി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഇയാളുടെ ബന്ധുക്കളാണ്. പ്രസാദത്തില്‍ സയനൈഡ് നല്‍കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്.

സീരിയല്‍ കില്ലര്‍ സയനൈഡ് ശിവ അറസ്‌റ്റില്‍

By

Published : Nov 7, 2019, 10:48 AM IST

വിജയവാഡ: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ സയനൈഡ് ശിവ (38) അറസ്റ്റില്‍. വിജയവാഡയില്‍ നിന്നാണ് പ്രതി പിടിയിലായത്. 20 മാസത്തിനുള്ളില്‍ 10 പേരെയാണ് ശിവ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. 1.6 ലക്ഷം രൂപയും 26 സ്വര്‍ണ നാണയങ്ങളും ഇയാളില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. സ്വന്തം മുത്തശ്ശിയും സഹോദര ഭാര്യയുമടക്കമുള്ളവരാണ് ശിവയുടെ ക്രൂരകൃത്യങ്ങള്‍ക്ക് ഇരയായത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സ്‌ത്രീകളും ബാക്കിയുള്ളവര്‍ പുരുഷന്‍മാരുമാണ്.

വെല്ലങ്കി സിംഹാദ്രി എന്നാണ് ശിവയുടെ യഥാർഥ പേര്. സ്വകാര്യ കമ്പനിയിലെ സുരക്ഷാജീവനക്കാരനായി ജോലി ചെയ്തിരുന്ന ശിവ ഭൂമിക്കച്ചവടത്തിൽ നഷ്‌ടം വന്നപ്പോഴാണ് പുതിയ തട്ടിപ്പിനിറങ്ങിയത്. ധനാകർ‍ഷണം, നിധി കണ്ടെത്തൽ, അദ്ഭുത ചികിത്സ എന്നിവയുടെ പേരിൽ ആളുകളെ തന്‍റെ താവളത്തിലെത്തിച്ച് വിവിധ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുത്ത ശേഷം പ്രസാദത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് ഇയാള്‍ എല്ലാവരേയും വകവരുത്തിയത്.

വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരിലുള്ള കായികാധ്യാപകൻ നാഗരാജുവിന്‍റെ മരണമാണ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. ബാങ്കില്‍ നിക്ഷേപിക്കാനായി പണവും സ്വര്‍ണവുമായി വീട്ടില്‍ നിന്നിറങ്ങിയ നാഗരാജിനെ മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പൊലീസിന്റെ പ്രഥമിക നിഗമനം. ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സയനൈഡ് ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നാഗരാജുവിന്‍റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് ശിവയിലേക്കെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details