ഛത്തീസ്‌ഗഢ്: പഞ്ചാബിൽ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിന് 2015 ല്‍ അറസ്റ്റിലായ പ്രതി ജയിലിൽ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അപമാനിച്ച കേസിലാണ് മൊഹിന്ദര്‍ പാല്‍ ബിട്ടുവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലിലെ തടവ് പുള്ളികളായ രണ്ട് പേരാണ് മൊഹിന്ദറിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഗുരുസേവക് സിങ്, മനിന്ദർ സിങ് എന്നിവർ ഇരുമ്പ് വടി ഉപയോഗിച്ച് മൊഹിന്ദറിനെ തലക്കടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിഖ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ച പ്രതി ജയിലിൽ കൊല്ലപ്പെട്ടു - സിങ്
സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അപമാനിച്ച കേസില്‍ മൊഹിന്ദര്‍ പാല്‍ ബിട്ടുവിനെ 2015 ല്‍ ആണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ബിഎസ്എഫ്, റാപിഡ് ആക്ഷൻ ഫോഴ്‌സ് എന്നിവയുടെ പത്ത് കമ്പനി സൈനികരെ വിന്യസിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും എല്ലാ മത വിഭാഗക്കാരും സംസ്ഥാനത്ത് ശാന്തിയും സമാധാനവും നിലനിർത്താൻ സഹായിക്കണമെന്നും മുഖ്യമന്ത്രി അമരിന്ദർ സിങ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മൊഹിന്ദര്‍ പാല്‍ ബിട്ടു ദേരാ സച്ചാ സൗദ വിഭാഗത്തില്‍ പെട്ട ആളാണ്. ഗുരു ഗ്രന്ഥസാഹിബിനെ അപമാനിച്ചതിന് പിന്നാലെ പഞ്ചാബില്‍ കലാപം ഉണ്ടായിരുന്നു. കലാപം നിയന്ത്രിക്കാൻ മോഗാ ജില്ലയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.