ന്യൂഡൽഹി: രാജ്യം മുഴുവൻ കൊവിഡിനെതിരായ പ്രതിരോധത്തിൽ ലോക്ക് ഡൗണിലായിരിക്കെ സുരക്ഷാസേന കൊലപ്പെടുത്തിയത് 68 ഭീകരരെ. ഏപ്രിൽ ഒന്നിനും ജൂൺ 10നും ഇടയിൽ കശ്മീരിൽ നടന്ന ഏട്ടുമുട്ടലുകളിൽ സൈന്യം വധിച്ചവരുടെ കണക്കാണിത്. വിദേശ തീവ്രവാദികൾ ഉൾപ്പെടെയുള്ള 68 ഭീകരരാണ് കൊല്ലപ്പെട്ടത്.
ഹിസ്ബുൾ മുജാഹിദ്ദീനിലെ 35 പ്രാദേശിക തീവ്രവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട 16 വിദേശ തീവ്രവാദികളിൽ 10 പേരെ ഇനിയും തിരിച്ചറിയാനുണ്ട്.
ഈ വർഷം ജനുവരി മുതലുള്ള കണക്കുകൾ എടുത്താൽ ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ-മുഹമ്മദ് തുടങ്ങിയ വിവിധ സംഘടനകളിൽ നിന്നും നൂറിലധികം തീവ്രവാദികളെ സുരക്ഷാ സേന നിർവീര്യമാക്കിയിട്ടുണ്ട്. ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളത്. വിവിധ സംഘടനകളിലെ 28 തീവ്രവാദികളെ ഏപ്രിലിൽ വധിച്ചു. മെയ് മാസത്തിൽ 15 തീവ്രവാദികൾ കൊല്ലപ്പെട്ടു.
2020ലെ ആദ്യ ആറുമാസത്തിനുള്ളിൽ ഹിസ്ബുൾ മുജാഹിദീനിലെ 35 തീവ്രവാദികൾ, ജയ്ഷെ-മുഹമ്മദിന്‍റെ 14 പേർ, ലഷ്കറിലെ 16 പ്രാദേശിക തീവ്രവാദികൾ, ഐ.എസിലെ മൂന്ന് പേർ എന്നിങ്ങനെ സൈന്യം വധിച്ചു.