കൊവിഡിന്‍റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത 21 ദിവസത്തെ രാജ്യവ്യാപക ലോക്‌ഡൗണിന്‍റെ രണ്ടാം പകുതി ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ ചികിത്സയൊന്നും കണ്ടു പിടിക്കാത്ത ഈ വൈറസിനെ സമൂഹത്തില്‍ നിന്നു നീക്കം ചെയ്യാന്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏക മാർഗം. യുഎസിനെയും യൂറോപ്പിനെയും അപേക്ഷിച്ച് വൈറസിന്‍റെ വ്യാപനം ഇന്ത്യയില്‍ തീവ്രമല്ലെങ്കിലും രാജ്യത്തുടനീളം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം അപകടകരമായ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് ബാധിച്ച പ്രദേശങ്ങള്‍ വർധിച്ചതിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറസിൽ പ്രധാനമന്ത്രി ചില നിർണായക ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾ അവരുടെതായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു.
മൂന്നാഴ്‌ചത്തെ രാജ്യവ്യാപകമായ ലോക്‌ഡൗണിലൂടെ കൊവിഡ് അണുബാധയുടെ “ശൃംഖല തകർക്കുക” എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്ദേശ്യം. 21 ദിവസത്തെ ലോക്‌ഡൗണ്‍ അവസാനിച്ചു കഴിഞ്ഞാൽ, ആളുകൾ പല സ്ഥലങ്ങളിലും ഒത്തുകൂടിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ ലോക്‌ഡൗണ്‍ നടപടികൾക്ക് പിന്നിലെ മുഴുവൻ ലക്ഷ്യങ്ങളും പരാജയപ്പെടും. അതിനാൽ, നേരിയ തോതിൽ വൈറസ് ബാധിച്ച പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ വൈറസ് തീവ്ര പ്രദേശങ്ങളില്‍ ലോക്‌ഡൗണ്‍ തുടരുന്നതായിരിക്കും അഭികാമ്യം. ഏപ്രിൽ 14ന് ശേഷം വിമാനക്കമ്പനികൾക്ക് ടിക്കറ്റ് വിൽപന ആരംഭിക്കാമെന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. ക്രമേണ ലോക്‌ഡൗണ്‍ പിൻവലിക്കുന്നതിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ കോൺടാക്റ്റ് ട്രെയ്‌സിംഗും, രോഗ നിർണയ പരിശോധനയും നടത്തേണ്ടതുണ്ട്. മരണസംഖ്യ കുറയ്ക്കുകയെന്ന പൊതു ലക്ഷ്യത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം.
ഇന്ത്യ ലോക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുമ്പ് കൊവിഡ് രോഗ പ്രഭവകേന്ദ്രമായ വുഹാൻ പൂർണമായും അടച്ചുപൂട്ടിയിരുന്നു. ചൈനയിലെ ഹുബെ പ്രവിശ്യയിലെ പല പ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങള്‍ ജനത കർഫ്യൂവിൽ പങ്കെടുത്തപ്പോഴേക്കും ചൈനയില്‍ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. വുഹാനിലെ രണ്ട് മാസത്തെ ലോക്‌ഡൗണ്‍ ഘട്ടം ഘട്ടമായാണ് ചൈന നീക്കം ചെയ്‌തത്. വുഹാന്‍ നിവാസികളുടെ സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടയിൽ, ചൈനീസ് സർക്കാർ പുറത്തുനിന്നുള്ളവരുടെ വരവ് അനുവദിച്ചിരുന്നു. വുഹാൻ ഒഴികെ മറ്റ് എല്ലാ സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും പതിവുപോലെ പ്രവർത്തിച്ചു.