മുംബൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട പൂനെയിലെ ഗ്രാമീണ മേഖലകളിലെ സ്കൂളുകള്‍ തുറന്നു. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്. ആദ്യ ദിനം 30 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് സ്കൂളുകളിലെത്തിയത്. ജില്ലയിലെ ഗ്രാമീണ മേഖലയില്‍ 1,200ല്‍ അധികം സ്കൂളുകളും കോളജുകളുമുണ്ട്. എന്നാല്‍ 35 എണ്ണം മാത്രമാണ് തിങ്കളാഴ്‌ച തുറന്നത്.
പൂനെയിലെ ഗ്രാമീണ മേഖലകളിലെ സ്കൂളുകള്‍ തുറന്നു
ആദ്യ ദിനം 30 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് സ്കൂളുകളിലെത്തിയത്. ജില്ലയിലെ 1,200ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 35 എണ്ണം മാത്രമാണ് ഇന്ന് തുറന്നത്
അതേസമയം പൂനെയിലെ മറ്റ് സ്കൂളുകള്‍ ഡിസംബര്‍ 13 വരെ തുറക്കില്ല. പിംപ്രി ചിഞ്ചവാഡ് മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 30 വരെ തുറക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഗണപത് പറഞ്ഞു. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് പരിശോധനക്ക് വിധേയരായ ശേഷമാണ് സ്ഥാപനങ്ങളിലെത്തുന്നത്. 4,700 അധ്യാപകരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 13 എണ്ണം മാത്രമാണ് പോസിറ്റീവായത്. വിദ്യാര്‍ഥികളുടെ ഓക്സിജന്‍ നിലയും താപനിലയും പരിശോധിച്ച ശേഷമാണ് പ്രവേശനം. ക്ലാസ് മുറികള്‍ അണുവിമുക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.