ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയുടെ ദയാഹർജിയില്‍ സംസ്ഥാന ഗവർണറുടെ തീരുമാനം അറിയിക്കാൻ സുപ്രീംകോടതി തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നല്‍കിയത്. സംസ്ഥാന മന്ത്രിസഭ ഇതിനോടകം തന്നെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും കേസിലെ ഏഴ് പ്രതികളെയും നേരത്തെ വിട്ടയക്കാൻ ഉത്തരവിടാൻ ഗവർണർക്ക് ശുപാർശ നല്‍കിയതായും തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു. ഭരണഘടനയിലെ ആർട്ടിക്കിൾ 161 പ്രകാരം സമർപ്പിച്ച ദയാഹർജിയില്‍ ഗവർണർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. ഇതേ തുടർന്നാണ് സർക്കാർ തന്നെ ഗവർണറുടെ തീരുമാനം എന്താണെന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. തീരുമാനം എടുക്കുന്നതില്‍ ഗവർണർ ഇങ്ങനെ പെരുമാറരുതെന്നും ജഡ്ജിമാർ ഓർമ്മിപ്പിച്ചു. സിബിഐയുടെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി മോണിറ്ററിങ്ങ് ഏജൻസിയുടെ അന്വേഷണം പൂർത്തിയാകുന്നത് വരെ വധശിക്ഷ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പേരറിവാളന്‍റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബാലാജി ശ്രീനിവാസനാണ് ഹാജരായത്.
രാജീവ് ഗാന്ധി വധക്കേസ്; ദയാഹർജിയിലെ തീരുമാനം അറിയിക്കാൻ സുപ്രീംകോടതി നിർദ്ദേശം
ഏഴ് പ്രതികളെയും മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്ന പ്രമേയം മന്ത്രിസഭ പാസാക്കിയതായും ഗവർണറുടെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിനായി 2018 സെപ്തംബർ 9ന് തമിഴ്നാട് സർക്കാർ പ്രമേയം പാസാക്കി ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഗവർണറുടെ തീരുമാനത്തെ സർക്കാരിന് നിയന്ത്രിക്കാൻ കഴിയില്ലെന്ന് അഭിഭാഷകൻ ബാലാജി ശ്രീനിവാസൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധിയായ ഗവർണറോട് തീരുമാനം അറിയുന്നതിനായി നിങ്ങൾക്ക് അഭ്യർത്ഥിക്കാമെന്നും ഒരു ഫയലില്‍ തീരുമാനം എടുക്കാതെ ഇങ്ങനെ അനിശ്ചിതമായി തുടരാനാവില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ ഗവർണർ തീരുമാനം അറിയിച്ചാല്‍ സർക്കാരിന് നടപടി കൈക്കൊള്ളാൻ സഹായിക്കുമെന്ന് പേരറിവാളന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാല്‍ ശങ്കരനാരായണൻ പറഞ്ഞു.
ഹർജി കോടതി വാദം കേൾക്കുന്നതിനായി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. കേസിലെ പ്രതികളുടെ ദയാഹർജിയില്‍ തീരുമാനം എടുത്തിട്ടുണ്ടോയെന്ന് അറിയിക്കാൻ ജനുവരി 21ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ ജസ്റ്റിസ് എം.സി ജെയ്ൻ അന്വേഷണ കമ്മിഷന്‍റെ നിർദ്ദേശപ്രകാരമാണ് 1998ല്‍ എംഡിഎംഎ ആരംഭിച്ചത്. സിബിഐ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള ഇന്‍റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ്, റവന്യൂ ഇന്‍റലിജൻസ് എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള കേസിന്‍റെ പുരോഗതിയെക്കുറിച്ചുള്ള എംഡിഎംഎ സമർപ്പിച്ച അവസാന റിപ്പോർട്ടിനെതിരെ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന ഹർജി പെരറിവാളന്‍റെ അപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.