അതിഥി തൊഴിലാളികളുടെ മടക്കയാത്ര സൗജന്യമാക്കണമെന്ന് സുപ്രീംകോടതി
16:05 May 28
ട്രെയിനുകളിലും ബസുകളിലും ഭക്ഷണവും കുടിവെള്ളവും സംസ്ഥാനങ്ങള്‍ ഒരുക്കണം
ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ലോക്ക് ഡൗണില്‍ കുടുങ്ങിയ തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര സൗജന്യമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാനങ്ങള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വാഹന സൗകര്യമൊരുക്കണം. ട്രെയിന്‍-ബസ് ടിക്കറ്റ് ചെലവുകള്‍ സംസ്ഥാനങ്ങള്‍ വഹിക്കണം. മടക്കയാത്രയില്‍ ആവശ്യത്തിനുള്ള ഭക്ഷണവും കുടിവെള്ളവും തൊഴിലാളികള്‍ യാത്ര പുറപ്പെടുന്ന സംസ്ഥാനങ്ങള്‍ ഒരുക്കണം. കാല്‍നടയായി പോകുന്ന തൊഴിലാളികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ ജൂണ്‍ അഞ്ചിന് വീണ്ടും വാദം കേള്‍ക്കും.
ജസ്റ്റിസ് അശോക് ഭൂഷണ്‍, എസ്.കെ കൗള്‍, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്വദേശത്തേക്ക് മടങ്ങാന്‍ അതിഥി തൊഴിലാളികള്‍ക്ക് പണം നല്‍കേണ്ടതില്ലെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഒരു തൊഴിലാളിയുടെ മടക്കയാത്രക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണ്ടി വരുെമന്ന് കോടതി ചോദിച്ചു. കാലതാമസത്തെ കുറിച്ച് വ്യക്തമായ മറുപടി സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് മേത്ത മറുപടി നല്‍കി. മെയ് ഒന്നു മുതല്‍ 27 വരെ രാജ്യത്ത് 3,700 ശ്രമിക് ട്രെയിനുകള്‍ അതിഥി തൊഴിലാളികള്‍ക്കായി സര്‍വീസ് നടത്തി. നിരവധി പേരെ ബസുകളിലും നാട്ടിലേക്ക് മടക്കി അയച്ചെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.