കേരളം

kerala

ETV Bharat / bharat

സത്യാഗ്രഹമാണ് ജീവിതചര്യ; അഹിംസയാണ് മാർഗം

ഗാന്ധിയുടെ സത്യാഗ്രഹത്തെക്കുറിച്ചുള്ള ആശയം നെൽസൺ മണ്ടേലയും മാർട്ടിൻ ലൂഥർ കിംങും തങ്ങളുടെ ജനങ്ങളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുള്ള മാർഗ്ഗമായി ഉപയോഗിച്ചു

അഹിംസയാണ് മാർഗം

By

Published : Aug 21, 2019, 8:06 AM IST

രക്തം ചിന്താതെ ഏത് തരത്തിലുള്ള അനീതികൾക്കെതിരെയും യുദ്ധം ചെയ്യാനുള്ള മഹാത്മാഗാന്ധിയുടെ അതുല്യ സംഭാവനയായിരുന്നു സത്യാഗ്രഹം. സത്യാഗ്രഹത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ആശയം നെൽസൺ മണ്ടേലയും മാർട്ടിൻ ലൂഥർ കിംങും തങ്ങളുടെ ജനങ്ങളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുള്ള മാർഗ്ഗമായി ഉപയോഗിച്ചു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതും ഈ അഹിംസാത്മക സത്യാഗ്രഹത്തിലൂടെയാണെന്ന് പറയാം. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പടപൊരുതാൻ ദശലക്ഷക്കണക്കിന് നിരായുധരായ പുരുഷന്മാരെയും സ്ത്രീകളെയും സത്യാഗ്രഹം പ്രാപ്തരാക്കി. സത്യാഗ്രഹ പ്രസ്ഥാനത്തിലൂടെ ജനങ്ങൾക്ക് പകർന്ന് കിട്ടിയ ആത്മവിശ്വാസമാണ് ബ്രിട്ടീഷുകാരോട് ‘ഇന്ത്യ വിടുക’ എന്ന് പറയാൻ ധൈര്യം നൽകിയതും. 1857 ലും അതിനുശേഷവും ബ്രിട്ടീഷ് ഭരണാധികാരികളെ അട്ടിമറിക്കാൻ അക്രമാസക്തമായ ശ്രമങ്ങൾ നടന്നിരുന്നു. അതിൽ ആദ്യത്തെ പ്രധാന ശ്രമം മംഗൽ പാണ്ഡെയുടെ നേതൃത്വത്തിലുള്ള ശിപായിമാരുടെ കലാപമായിരുന്നു. കലാപത്തെ ബ്രിട്ടീഷുകാർ നിഷ്‌കരുണം തകർത്തു. അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിനെ അറസ്റ്റ് ചെയ്ത് നാടുകടത്തി. പിന്നീടുണ്ടായ ചിറ്റഗോംഗ് സായുധ കലാപത്തെയും ബ്രിട്ടീഷുകാർ തകർത്തെറിഞ്ഞു. ഖുദിറാം ബോസിനെപ്പോലുള്ള വിപ്ലവകാരികളും ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തു. പരമമായ ത്യാഗത്തിന്റെയും ധീരതയുടെയും പ്രവർത്തനങ്ങളായിരുന്നു അവ ഓരൊന്നും. ജനങ്ങൾ ഈ പ്രവർത്തനങ്ങളോട് അനുഭാവം പുലർത്തിയിരുന്നെങ്കിലും, ഈ വിപ്ലവകാരികളുടെ പിന്നിൽ അണിനിരക്കാനുള്ള ധൈര്യം അവർക്കുണ്ടായിരുന്നില്ല.

ഗാന്ധി സത്യാഗ്രഹം സാധാരണക്കാരന്റെ ‘ആയുധം’ ആക്കി

ദക്ഷിണാഫ്രിക്കൻ കോളോണിയല്‍ ഭരണകൂടത്തിനെതിരെ സത്യാഗ്രഹ പ്രസ്ഥാനം വിജയകരമായി ആരംഭിച്ച മഹാത്മാഗാന്ധി 1915 ൽ ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ബ്രിട്ടീഷ് ഭരണത്തിനെതിരെ സത്യാഗ്രഹ പ്രസ്ഥാനം ആരംഭിക്കുന്നതിന് ദശലക്ഷക്കണക്കിന് നിരായുധരായ പുരുഷന്മാരെയും സ്ത്രീകളെയും അണിനിരത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇൻഡിഗോ കൃഷിയുടെ കടുത്ത ചൂഷണ സമ്പ്രദായത്തിനെതിരെ 1917 ൽ ബീഹാറിലെ ചമ്പാരനിൽ ഇന്ത്യയിൽ സത്യാഗ്രഹത്തിന്‍റെ ആദ്യ പരീക്ഷണം അദ്ദേഹം നടത്തി.

രക്തം ചിന്താതെ അനീതികൾക്കെതിരെ യുദ്ധം ചെയ്യാനുള്ള മഹാത്മാഗാന്ധിയുടെ സംഭാവനയായിരുന്നു സത്യാഗ്രഹം

ചമ്പാരൻ സത്യാഗ്രഹം നിർബന്ധിത നീലം കൃഷി നിർത്തലാക്കിയതിനൊപ്പം അഹിംസയുടെ ശക്തി അദ്ദേഹം ജനങ്ങൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. തോക്കോ ബോംബോ മറ്റ് മാരക ആയുധങ്ങളോ കൂടാതെ ശക്തരായ ബ്രിട്ടീഷ് രാജിനെ വെല്ലുവിളിക്കാൻ തങ്ങൾക്കും കഴിയുമെന്ന് രാജ്യത്തെ സാധാരണക്കാർ മനസ്സിലാക്കി. സത്യാഗ്രഹം സാധാരണക്കാരന്റെ ‘ആയുധം’ ആയി. ചമ്പാരൻ സത്യാഗ്രഹത്തിന് പിന്നാലെ മൗലാന സഹോദരന്മാരായ ഷൌക്കത്ത് അലി, മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് മഹാത്മാഗാന്ധി പൂർണ്ണ പിന്തുണ നൽകി. ഹിന്ദുക്കളും മുസ്ലീം സമുദായക്കാരും തമ്മിൽ മാതൃകാപരമായ ഐക്യം കണ്ട ദേശീയ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത്. സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നവർ വളരെ അച്ചടക്കമുള്ളവരായിരിക്കണമെന്ന് ഗാന്ധിജിക്ക് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം തന്റെ പത്രങ്ങളായ യംഗ് ഇന്ത്യ, ഹരിജൻ, നവജീവൻ എന്നിവയിലെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും ആളുകളെ ഉത്ബോധിപ്പിച്ചു. 1920ൽ ഗുജറാത്തില്‍ അദ്ദേഹം സത്യാഗ്രഹികളുടെ പരിശീലന കേന്ദ്രം സ്ഥാപിച്ചു.

സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നവർ വളരെ അച്ചടക്കമുള്ളവരായിരിക്കണമെന്ന് ഗാന്ധിജിക്ക് നിർബന്ധമുണ്ടായിരുന്നു

ഗാന്ധിയൻ സത്യാഗ്രഹങ്ങളുടെ ഭംഗിയെന്തെന്നാൽ, തന്‍റെ കടുത്ത എതിരാളികളായ ബ്രിട്ടീഷുകാർ പോലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി എന്നതാണ്. ഗാന്ധിജിയുടെ ജീവിതവും തത്ത്വചിന്തയും ഇന്ത്യയിലെ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലെയും സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരെ പ്രചോദിപ്പിച്ചിരുന്നു. മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും രണ്ട് പ്രത്യയശാസ്ത്രങ്ങളായി ലോകം വിഭജിക്കപ്പെട്ടിരിക്കുന്ന കാലത്ത് സ്വാശ്രയ സമൂഹം അടിസ്ഥാനമാക്കിയുള്ള സഹകരണവും ഐക്യവും കൂട്ടിയിണക്കി ‘ഹിന്ദു സ്വരാജ്’ എന്ന ആശയം ഗാന്ധിജി മുന്നോട്ടുവച്ചു.

നച്ചികേത് ദേശായ് (മാധ്യമ പ്രവർത്തകൻ)

ABOUT THE AUTHOR

...view details