ലഖ്‌നൗ:ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്നും ആഗ്രാ പൊലീസ് തങ്ങളുടെ പ്രതിനിധി സംഘത്തെ തടഞ്ഞതായി സമാജ്‍വാദി പാർട്ടി. സർക്കാരിന്‍റെ നിർദേശപ്രകാരം ആഗ്രയ്ക്കടുത്തുള്ള ടോൾ പ്ലാസയിൽ വച്ച് പാർട്ടി പ്രതിനിധികളെ പൊലീസ് തടഞ്ഞതായി പാർട്ടി അറിയിച്ചു. ബലപ്രയോഗത്തിലൂടെയുള്ള ഇത്തരം തടയലുകൾ ജനാധിപത്യത്തിന്‍റെ കൊലപാതകമാണ് വ്യക്തമാക്കുന്നത്. സമാജ്‌വാദികൾ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനൊപ്പം നിൽക്കുമെന്നും ട്വിറ്ററിലൂടെ സമാജ്‍വാദി പാർട്ടി പറഞ്ഞു.
ഹത്രാസ് സന്ദർശനം: പ്രതിനിധി സംഘത്തെ തടഞ്ഞുവെന്ന് സമാജ്‍വാദി പാർട്ടി
ബലപ്രയോഗത്തിലൂടെ പൊലീസ് തടയുന്നത് ജനാധിപത്യത്തിന്‍റെ കൊലപാതകമാണെന്നും സമാജ്‍വാദി പാർട്ടി വ്യക്തമാക്കി.
സ്റ്റേറ്റ് യൂണിറ്റ് നേതാവ് നരേഷ് ഉത്തം പട്ടേലിന്‍റെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സംഘത്തോട് ഹത്രാസിലേക്ക് പുറപ്പെടാൻ പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ് ശനിയാഴ്‌ച നിർദേശം നൽകിയിരുന്നു. സെപ്‌റ്റംബർ 14നാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ നാല് പേർ ചേർന്ന് ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തത്. സഫ്‌ദർജങ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ച ഉടനെ പൊലീസ് തിരക്കിട്ട് മൃതദേഹം സംസ്‌കരിച്ചെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ രാജ്യത്തൊട്ടാകെ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു.