ശ്രീനഗർ: അയോധ്യ കേസിലെ വിധിയും നബി ദിനവും പ്രമാണിച്ച് ജമ്മുവിലും കശ്‌മീരിലും ഇന്ന് കർശന നിയന്ത്രണമേർപ്പെടുത്തി. സുപ്രീംകോടതി ഇന്നലെ അയോധ്യ കേസിൽ നടത്തിയ വിധി പ്രഖ്യാപനവും ഈദ്-മിലാദ്-ഉൻ-നബിയും കണക്കിലെടുത്ത് ക്രമസമാധാന പാലനത്തിനുള്ള മുൻകരുതൽ നടപടിയായി ഹസ്രത്ബാൽ പള്ളിയിലേക്കുള്ള എല്ലാ റോഡുകളും അധികൃതർ അടച്ചു. കോടതി വിധിക്ക് മുന്നോടിയായി കശ്‌മീരിലെ മുഴുവൻ പ്രദേശങ്ങളിലും സെക്ഷൻ 144 സിആർപിസി പ്രകാരമുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.
അയോധ്യ കേസിലെ സുപ്രീംകോടതി വിധി; ജമ്മുവിലും കശ്‌മീരിലും കര്‍ശന നിയന്ത്രണം - ശ്രീനഗർ അയോധ്യ വിധി
സുപ്രീംകോടതി ഇന്നലെ അയോധ്യ കേസിൽ നടത്തിയ വിധി പ്രഖ്യാപനവും ഈദ്-മിലാദ്-ഉൻ-നബിയും കണക്കിലെടുത്ത് ജമ്മുവിലും കശ്‌മീരിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ന് നബിദിനത്തിൽ നടത്താനിരുന്ന ഘോഷയാത്രകളും ഹസ്രത്ബാൽ ദേവാലയത്തിലും പരിസരപ്രദേശങ്ങളിലും ഉള്ള കൂടിച്ചേരലുകളും അനുവദിച്ചിരുന്നില്ല. കൂടാതെ, ശ്രീനഗറിലെ ഹസ്രത്ത് നക്ഷബന്ദ് സാഹിബ് ദേവാലയത്തിൽ പരമ്പരാഗതമായി നടത്തി വരുന്ന ഖോജെ-ദിഗാർ പ്രാർത്ഥന ഉൾപ്പെടെ എല്ലാ പ്രധാന മതപരമായ ചടങ്ങുകളും സുരക്ഷാനടപടികളുടെ ഭാഗമായി നിരോധിച്ചു.
ഉച്ചവരെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിച്ചു. അക്രമികളും തീവ്രവാദികളും ഭയം വളർത്താൻ ശ്രമിക്കുന്നുണ്ടെന്നും തുറന്ന് പ്രവർത്തിക്കുന്ന കടകമ്പോളങ്ങളും വഴിയോര കച്ചവടങ്ങളും അടക്കാൻ വേണ്ടിയുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.