അമരാവതി: രാജ്യത്തെ നടുക്കിയ വിശാഖപട്ടണം വാതക ദുരന്തത്തിൽ അനുശോചനം അറിയിച്ച് നിരവധി ദേശീയ നേതാക്കൾ രംഗത്തെത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം ഗ്യാസ് പ്ലാന്‍റിലുണ്ടായ വാതകചോര്‍ച്ചയെ തുടര്‍ന്ന് ഒമ്പത് പേരാണ് ഇതിനോടകം മരിച്ചത്. എണ്ണൂറിലധികം ആളുകളെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. 1000-1500 ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു.
'വിശാഖപട്ടണത്തിനടുത്തുള്ള ഒരു പ്ലാന്‍റിൽ വാതക ചോർച്ചയുണ്ടായ സംഭവത്തില്‍ ഖേദിക്കുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവര്‍ക്ക് സുഖം പ്രാപിക്കാനും എല്ലാവരുടെയും സുരക്ഷയ്ക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. ദുരന്തത്തെ നിയന്ത്രണ വിധേയമാക്കുന്നതിൽ സാധ്യമായ പ്രവർത്തനങ്ങൾ ഭരണകൂടം ചെയ്യുമെന്ന് പൂർണവിശ്വാസമുണ്ട്' - രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്‌തു.
'വിശാഖപട്ടണത്തെ സംഭവം അസ്വസ്ഥമാക്കുന്നു. എൻഡിഎംഎ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും സംസാരിച്ചു. ഞങ്ങൾ നിരന്തരം സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വിശാഖപട്ടണത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു' - കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.