ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കമല്‍നാഥ് സർക്കാരിനെ പ്രതിസന്ധിയിലാക്കി റിസോർട്ട് നാടകം. നാല് കോൺഗ്രസ് എംഎല്‍എമാർ ഉൾപ്പെടെ എട്ട് പേർ റിസോർട്ടില്‍ തടങ്കലിലെന്ന് ആരോപണം. ഹരിയാനയിലെ ഗുഡ്‌ഗാവിലുള്ള റിസോർട്ടിലുള്ളത് ഭരണകക്ഷിയിലെ നാല് കോൺഗ്രസ് എംഎല്‍എമാരും നാല് സ്വതന്ത്രരും. കമല്‍നാഥ് സർക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെന്ന് കോൺഗ്രസിന്‍റെ ആരോപണം. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.
മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങൾ; എട്ട് എംഎല്‍എമാർ റിസോർട്ടിലെന്ന് കോൺഗ്രസ്
ഹരിയാനയിലെ ഗുഡ്‌ഗാവിലുള്ള റിസോർട്ടിലുള്ളത് ഭരണകക്ഷിയിലെ നാല് കോൺഗ്രസ് എംഎല്‍എമാരും നാല് സ്വതന്ത്രരുമെന്നും കോൺഗ്രസ്.
ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുഡ്‌ഗാവില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എംഎല്‍എമാരെ ഉടൻ ഡല്‍ഹിയിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്. എംഎല്‍എമാരെ ബിജെപി വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നുണ്ടെന്നും 25 മുതല്‍ 30 കോടി വരെയാണ് വിലയിട്ടിരിക്കുന്നതെന്നും കഴിഞ്ഞ ദിവസമാണ് ദിഗ് വിജയ് സിങ് ആരോപിച്ചത്.
230 അംഗ സഭയില്‍ കോൺഗ്രസിന് 114ഉം ബിജെപിക്ക് 107ഉം അംഗങ്ങളാണുള്ളത്. ബിഎസ്‌പിയുടെ രണ്ടും എസ്‌പിയുടെ ഒന്നും, നാല് സ്വതന്ത്രരും കോൺഗ്രസിനെയാണ് പിന്തുണച്ചിരിക്കുന്നത്. രണ്ട് സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്.