കേരളം

kerala

123ാം ജന്മദിനത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിക്കുന്നു

By

Published : Jan 23, 2020, 3:09 PM IST

ബ്രിട്ടീഷ് സൈന്യത്തെ പിടിച്ചു കുലുക്കി ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ച നേതാജിയുടെ മരണം ഇന്നും ദുരൂഹമാണ്.

Netaji Jayanti  Subhash Chandra Bose  Freedom Fighter  India  123rd Birth Anniversary  സുഭാഷ് ചന്ദ്രബോസ്  123ആം ജന്മദിനം
123ആം ജന്മദിനത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിക്കുന്നു

ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ വലിയ പങ്കു വഹിച്ച നേതാക്കന്മാരിൽ ഒരാളായ സുഭാഷ് ചന്ദ്ര ബോസിന്‍റെ 123ആം ജന്മദിനമാണ് ഇന്ന്. സ്വാതന്ത്ര്യ സമയത്ത് ദേശീയ ഏകീകരണം, ത്യാഗം, സാമുദായിക ഐക്യം എന്നിവ ജനങ്ങളിലെത്തിക്കാൻ പ്രവർത്തിച്ച പ്രധാന വ്യക്തിത്വമായിരുന്നു നേതാജി. ബ്രിട്ടീഷുകാർക്കെതിരെ പടനയിക്കാൻ മറ്റു നേതാക്കൾക്കൊപ്പം ഇന്ത്യൻ നാഷ്ണൽ ആർമി രൂപികരിച്ച് മുൻപന്തിയിൽ തന്നെ നേതാജിയുമുണ്ടായിരുന്നു.

ആദ്യകാലജീവിതം

1897ൽ ജനുവരി 23നാണ് ഒറീസയിലെ കട്ടക്കിൽ ജനകിനാഥ് ബോസിന്‍റെയും പ്രഭാവതി ദത്ത് ബോസിന്‍റെയും ഒമ്പതാമത്തെ മകനായി സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത്. വിദഗ്‌ദനായ അഭിഭാഷകനായിരുന്നു പിതാവ് ജനകിനാഥ് ബോസ്. പ്രസിഡൻസി കോളജിലെ ഇന്ത്യാ വിരുദ്ധ പരാമർശത്തിന് പ്രൊഫസർ ഇ.എഫ്. ഓട്ടനെ ആക്രമിച്ചതാണ് ബോസിനെ ആദ്യമായി ബ്രിട്ടീഷ് സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് കോളേജിൽ നിന്നും പുറത്താക്കപ്പെടുകയും ശേഷം ബോസ് കൊൽക്കത്ത സർവകലാശാലയിലെ സ്കോട്ടിഷ് ചർച്ച് കോളേജിൽ ചേർന്ന് 1918ൽ തത്ത്വശാസ്ത്രത്തിൽ ബിഎ പാസായി . ഇന്ത്യൻ സിവിൽ സർവീസസ് (ഐസിഎസ്) പരീക്ഷയിൽ പങ്കെടുക്കുമെന്ന് പിതാവിനോട് വാഗ്ദാനം ചെയ്ത് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. തുടർന്ന് പരീക്ഷയിൽ നാലാം സ്ഥാനത്തെത്തിയെങ്കിലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനായി 1921ൽ അദ്ദേഹം സർവീസിൽ നിന്നും രാജിവെച്ചു.

കോൺഗ്രസുമായുള്ള കൂടിക്കാഴ്‌ച

കോൺഗ്രസ് പാർട്ടിക്കൊപ്പമാണ് ബോസ് ആദ്യകാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്. 'സ്വരാജ്' എന്ന പത്രം ആരംഭിച്ച അദ്ദേഹം തുടർന്ന് ബംഗാൾ പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ബോസ് കോൺഗ്രസിനുള്ളിൽ പ്രശസ്തി നേടിയെങ്കിലും മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയ നേതാക്കളുമായി പലതരത്തിലുള്ള പ്രത്യയ ശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടായിരുന്നു. 1938ലാണ് നേതാജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഗാന്ധിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1939ൽ നേതൃസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും തുടർന്ന് ബോസ് പാർട്ടിയിൽ നിന്ന് രാജിവെക്കുകയായിരുന്നു.

ഐഎൻഎയുടെ രൂപീകരണം

രണ്ടാം ലോകമഹായുദ്ധസമയത്ത് ബോസ് ജർമ്മനിയിലേക്ക് പോകുകയും പുറത്തുനിന്നുള്ള സൈനികരെ സ്വാതന്ത്ര്യത്തെപ്പറ്റി ഉദ്ബോധിപ്പിക്കുകയുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാരെ പിന്തുണയ്ക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തെ ബോസ് ശക്തമായി എതിർത്തിരുന്നു. ഒരു ബഹുജന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ബോസ് ഇന്ത്യൻ ജനതയോയ് ആവശ്യപ്പെട്ടത് "എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാ"മെന്ന്. ബോസിന്‍റെ ആഹ്വാനം വലിയ പ്രതികരണമാണ് ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയത്.

രക്ഷപ്പെടൽ

1941ൽ അറസ്റ്റിലായ ബോസിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. വ്യത്യസ്‌ത മാർഗങ്ങളിലൂടെ ഒടുവിൽ അദ്ദേഹം ജർമ്മനിയിൽ എത്തിച്ചേർന്നു. ജർമ്മൻ റേഡിയോയിൽ നിന്നുള്ള ബോസിന്‍റെ പ്രക്ഷേപണം അക്ഷരാർഥത്തിൽ ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. സ്വന്തം രാജ്യത്തിനായി പദ്ധതിയൊരുക്കുകയാണ് ബോസ് എന്നറിഞ്ഞ ജനം ഹർഷാരവത്തോടെയാണ് പ്രക്ഷേപണം ശ്രവിച്ചത്. വിപ്ലവത്തിനായി നിലകൊണ്ട ഒരു ജനതക്ക് ഊർജമാകാൻ ബോസിന് കഴിഞ്ഞു. തുടർന്ന് ബെർലിനിൽ ഫ്രീ ഇന്ത്യ സെന്‍റർ സ്ഥാപിക്കുകയും ഇന്ത്യൻ യുദ്ധത്തടവുകാരിൽ നിന്ന് 4500 തടവുകാരടങ്ങുന്ന സംഘത്തെ നിർമിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1943ൽ 40000ത്തോളം സൈനികരുമായി അദ്ദേഹം ജപ്പാനിലേക്ക് നീങ്ങി. 1943 ഒക്ടോബർ 21ന് ആസാദ് ഹിന്ദ് സർക്കാരിനായി ഇന്ത്യൻ നാഷണൽ ആർമി ആഹ്വാനം ചെയ്തു. ഐ‌എൻ‌എ പിന്നീട് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ബ്രിട്ടീഷുകാരിൽ നിന്ന് മോചിപ്പിക്കുകയും സ്വരാജ്, ഷഹീദ് ദ്വീപുകളെന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു . തുടർന്ന് ബർമയിലൂടെ ഇന്ത്യയിലേക്ക് നീങ്ങിയ ആർമിയെ ഇംഫാലിനും കൊഹിമക്കുമിടയിൽ ബ്രീട്ടീഷ് സേന പിടികൂടുകയായിരുന്നു.

മരണം

ഐ‌എൻ‌എ ആർമി ബ്രീട്ടീഷ് സേനയോട് കീഴടങ്ങിയപ്പോഴും കുറച്ച് സൈനികരോടൊപ്പം മലയയിലേക്കോ തായ്‌ലൻഡിലേക്കോ നേതാജി പിന്മാറിയതായാണ് വിശ്വസിക്കപ്പെടുന്നത്. 1945 ഓഗസ്റ്റ് 18ന് തായ്‌വാനിൽവെച്ച് വിമാനം തകർന്ന് ബോസ് മരണപ്പെട്ടുവെന്നാണ് ഇന്ന് കരുതപ്പെടുന്നത്. എന്നാൽ ബ്രിട്ടീഷ് സൈന്യത്തെ പിടിച്ചു കുലുക്കി ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ച നേതാജിയുടെ മരണം ഇന്നും ദുരൂഹമാണ്.

ABOUT THE AUTHOR

...view details