ന്യൂഡല്‍ഹി: കശ്മീരിൽ തടവിലാക്കപ്പെട്ട ആളുകളെ മോചിപ്പിക്കണമെന്നും ആശയവിനിമയത്തിനുള്ള തടസം നീക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.കശ്‌മീരില്‍ എത്രയും വേഗം ജനാധിപത്യം പുനസ്ഥാപിക്കണമെന്നും ജനങ്ങൾക്ക് നൽകിയ ഉറപ്പ് മാനിക്കണമെന്നും കത്തില്‍ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതിനെ തുടർന്ന് ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ട് ആറുമാസം പിന്നിട്ട സാഹചര്യത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
കശ്‌മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത് - യെച്ചൂരിയുടെ കത്ത്
കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം നിരവധിപേരെയാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെ മോചിപ്പിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കത്തില്‍ ആവശ്യപ്പെടുന്നു
2019 ഓഗസ്റ്റ് നാല്, അഞ്ച് തിയതി മുതല്‍ ആയിരക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും കത്തിൽ യെച്ചൂരി പറഞ്ഞു. കശ്‌മീരിലെ നേതാക്കളായ ഫറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുല്ല മുഹമ്മദ്, യൂസഫ് തരിഗാമി എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം കശ്‌മീരിലെ പൗരന്മാര്‍ക്കും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ പ്രദേശത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.