ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധ ശിക്ഷ - പ്രത്യേക കോടതി
കേസിനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന നിലയില്‍ പരിഗണിച്ചാണ് പ്രത്യേക കോടതി വധ ശിക്ഷ വിധിച്ചത്.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധ ശിക്ഷ. രാംപൂര്‍ സ്വദേശി നാസിലിനെയാണ് പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് ഏഴിനാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട് ഒന്നരമാസത്തിന് ശേഷം അഴുകിയ നിലയില്‍ കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ജൂണ്‍ 22ന് നടത്തിയ എന്‍കൗണ്ടറിലൂടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം ഐപിസി 302, 361, 376 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കേസിനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന നിലയില്‍ പരിഗണിച്ചാണ് പ്രത്യേക കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചത്. ഈ വിധി പൊതുസമൂഹത്തിന് നല്ല സന്ദേശം പകരുമെന്ന് കേസിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ കുമാര്‍ സൗരവ് പറഞ്ഞു.