ന്യൂഡൽഹി: ഇന്ത്യയ്ക്കായി ഫ്രാൻസ് നിർമിച്ച 36 റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് ഏറ്റുവാങ്ങാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫ്രാൻസില്‍. നാളെ രാജ്‌നാഥ് സിങ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെ കണ്ടതിന് ശേഷം ഫ്രഞ്ച് സായുധ സേന മന്ത്രി ഫ്ലോറൻസ് പാർലിയുമൊത്ത് മെറിഗ്നാക്കിൽ നടക്കുന്ന റാഫേൽ യുദ്ധവിമാനം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കാൻ രാജ്‌നാഥ് സിങ് ബാര്‍ഡോയിലേക്ക് പോകും. റഫേല്‍ വിമാനത്തിന്‍റെ കോക്‌പിറ്റില്‍ പൈലറ്റിനൊപ്പമിരുന്ന് യാത്ര ചെയ്യാനും രാജ്‌നാഥ് സിങിന്‍റെ സന്ദർശനത്തില്‍ പദ്ധതിയുണ്ട്.
ദ്വിദിന സന്ദര്‍ശനത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫ്രാൻസില്‍
രാജ്‌നാഥ് സിങ് പതിവായി നടത്തുന്ന ആയുധപൂജ ഇത്തവണ പാരീസിലാണ് നടത്തുക.
വിജയദശമി ദിവസം ഫ്രാൻസിലായതിനാല്‍ ഇക്കൊല്ലം രാജ്‌നാഥ് സിങ് അവിടെയാണ് ആയുധ പൂജ നടത്തുക. ഫ്രാൻസുമായി 2016 ലാണ് 36 വിമാനങ്ങൾക്കായി 60,000 കോടി രൂപയുടെ ഇടപാട് നടത്തിയത്. സന്ദര്‍ശന വേളയില്‍ ഫ്രഞ്ച് സായുധ സേന മന്ത്രിയുമായും പ്രതിരോധ മന്ത്രി വാർഷിക പ്രതിരോധ ചർച്ച നടത്തും. ഈമാസം ഒൻപതിന് ഫ്രഞ്ച് പ്രതിരോധ വ്യവസായത്തിന്‍റെ സിഇഒമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന രാജ്‌നാഥ് സിങ് അടുത്ത വർഷം ഫെബ്രുവരിയിൽ ലഖ്‌നൗവിൽ നടക്കുന്ന 'മെയ്ക്ക് ഇൻ ഇന്ത്യ', ഡിഫൻസ് എക്‌സ്‌പോയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും.