ജയ്‌പൂർ: ഓട്ടോ, ടാക്‌സി സേവനങ്ങൾക്കും പൊതു പാർക്കുകൾ തുറക്കാനും രാജസ്ഥാൻ സർക്കാർ അനുമതി നൽകി. പാർക്കുകൾ രാവിലെ ഏഴ് മുതൽ വൈകുന്നോരം 6.45 വരെ തുറക്കും. ലോക്ക് ഡൗണിനെ തുടർന്ന് നിരോധിച്ച പാൻ, ഗുട്ട്ക, പുകയില ഉൽപന്നങ്ങളുടെ വിൽപനയും പുനഃരാരംഭിക്കാൻ ഉത്തരവിറക്കി. എന്നാൽ പൊതുസ്ഥലങ്ങളിൽ ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും സർക്കാർ അറിയിച്ചു.
രാജസ്ഥാനിൽ ഓട്ടോ, ടാക്‌സി സേവനങ്ങൾക്ക് അനുമതി;പൊതു പാർക്കുകൾ തുറക്കും
റെഡ് സോണുകളിലെ പൊതു പാർക്കുകൾ രാവിലെ ഏഴ് മുതൽ വൈകുന്നോരം 6.45 വരെ തുറക്കും. പുകയില ഉൽപന്നങ്ങളുടെ വിൽപനക്കും അനുമതി.
സാമൂഹിക അകലം, ശുചിത്വം എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് റെഡ് സോണുകളിൽ ടാക്‌സി, ക്യാബ്, ഓട്ടോ എന്നിവക്ക് സർക്കാർ അനുമതി നൽകിയത്. ഒരു ക്യാബിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കും, ഓട്ടോറിക്ഷയിൽ രണ്ട് പേർക്കും യാത്ര ചെയ്യാം. ഡ്രൈവർ മാസ്‌ക് ധരിക്കുകയും, സീറ്റുകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യണം. റെഡ് സോണുകളിലാണ് പൊതു പാർക്കുകൾ തുറക്കുന്നത്. ഓറഞ്ച്, ഗ്രീൻ സോണുകളിൽ നേരത്തെ തന്നെ ഇത്തരം പാർക്കുകൾ തുറക്കാൻ അനുവദിച്ചിരുന്നു. അതേസമയം, പൊതുസമ്മേളനങ്ങൾക്ക് നിരോധനമുണ്ട്. ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങളനുസരിച്ച് ഹാൻഡ് റിക്ഷകൾ, ലഘു ഭക്ഷണശാലകൾ, ജ്യൂസ്, ചായക്കടകൾ എന്നിവക്ക് പ്രവർത്തിക്കാനും അനുമതിയുണ്ട്.