ആകാശത്ത് നിന്ന് വീണ 'കല്ലി'നെക്കുറിച്ച് അറിയാൻ ജിയോളജി വിദഗ്ധർ
സാഞ്ചോറിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.
ജയ്‌പൂർ: രാജസ്ഥാനിലെ സാഞ്ചോറിൽ ആകാശത്ത് നിന്ന് വീണ ഉൽക്ക സമാനമായ കല്ലിനെ കുറിച്ച് വിശദമായ പരിശോധന നടത്താൻ ജിയോളജി വകുപ്പിലേക്ക് അയച്ചു. സാഞ്ചോർ ടൗണിൽ വെള്ളിയാഴ്ച രാവിലെയാണ് കല്ല് വീണത്. അജ്ഞാതമായ കല്ലിന് മൂന്ന് കിലോ ഭാരമുണ്ട്. ചെറിയ തോതിൽ ചൂട് പുറപ്പെടുവിക്കുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ 6.15 ഓടെ ബർസം-ബൈപാസ് പുലിയ പ്രദേശത്താണ് സംഭവം. വലിയ രീതിയിൽ സ്ഫോടന സമാനമായ ശബ്ദത്തോടെയാണ് കല്ല് പതിച്ചത്. പരിഭ്രാന്തരായ പ്രദേശവാസികൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.