രാഹുല്‍ ഗാന്ധി സജീവമാകുന്നു: സംസ്ഥാന നേതൃ യോഗങ്ങളും നിർവാഹക സമിതിയും വിളിക്കാൻ നിർദ്ദേശം
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ കോൺഗ്രസ് പാർട്ടി നേതൃയോഗങ്ങൾ വിളിക്കാൻ രാഹുല്‍ ഗാന്ധി നിർദ്ദേശം നല്‍കി.
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടർന്ന് സംഘടനാ പ്രവർത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പാർട്ടിയില്‍ വീണ്ടും സജീവമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ കോൺഗ്രസ് പാർട്ടി നേതൃയോഗങ്ങൾ വിളിക്കാൻ രാഹുല്‍ ഗാന്ധി നിർദ്ദേശം നല്‍കി. ഇതോടൊപ്പം പാർട്ടി നിർവ്വാഹക സമിതിയും വിളിക്കും. എന്നാല്‍ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തെ കുറിച്ച് രാഹുല്‍ ഇനിയും മനസ് തുറന്നിട്ടില്ല. ഈമാസം 27ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കളുടെ യോഗം വിളിക്കാനാണ് രാഹുലിന്‍റെ നിർദ്ദേശം. അതിന് ശേഷം ഹരിയാന, ഡല്‍ഹി ഘടങ്ങളുടെ യോഗങ്ങളും വിളിച്ചുചേർക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളാണ് യോഗത്തിന്‍റെ അജണ്ട. അതേസമയം, ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കോൺഗ്രസ് ഘടകങ്ങളും പിരിച്ചുവിടാൻ കഴിഞ്ഞ ദിവസം നിർദ്ദേശം നല്‍കിയിരുന്നു. കർണാടകയില്‍ സംസ്ഥാന പ്രസിഡന്‍റ് ഒഴികെയുള്ള പിസിസി അംഗങ്ങളേയും പിരിച്ചുവിട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം കെസി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവരുമായി മാത്രമാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്.