ന്യൂഡല്‍ഹി: റാഫേല്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന പരാമര്‍ശം നടത്തിയതിനാണ് മാപ്പ് പറഞ്ഞത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ച ഘട്ടത്തിലായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. വിഷയത്തില്‍ സുപ്രീം കോടതി നിലപാട് കടുപ്പിച്ചതോടെയാണ് രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായത്.
"ചൗകിദാര്‍ ചോര്‍ ഹെ": സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് രാഹുല്‍
രേഖാമൂലം തന്നെ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശം.
മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. എതിര്‍ഭാഗം സത്യവാങ്മൂലം വികലമാക്കിയാണ് അവതരിപ്പിച്ചതെന്ന് സിങ്‌വി കോടതിയില്‍ ആരോപിച്ചു. രാഹുലിന്‍റെ ഖേദപ്രകടനം താന്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഖേദപ്രകടനം മാത്രം പോര, നിരുപാധികം മാപ്പ് പറയണമെന്ന് എതിര്‍കക്ഷിയായ ബിജെപി നേതാവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. രേഖാമൂലം തന്നെ മാപ്പ് പറയണമെന്നും തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാനുമാണ് കോടതി നിര്‍ദേശം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.