അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 14.37 കോടി യൂറോ നികുതിയിളവ് നൽകിയെന്ന് റിപ്പോര്‍ട്ട് - റിപ്പോർട്ട്
റാഫേൽ വിമാനങ്ങൾ വാങ്ങിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രഞ്ച് സർക്കാർ അംബാനിയുടെ കമ്പനിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചുവെന്ന് ഫ്രഞ്ച് പത്രം 'ലെ മോൺഡേ' റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി: റാഫേൽ കരാറിന് പിന്നാലെ അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ 14.37 കോടി യൂറോയുടെ നികുതി ഇളവ് നൽകിയതായി റിപ്പോർട്ട്. ഫ്രഞ്ച് പത്രം 'ലെ മോൺഡേ' ആണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇന്ത്യ റാഫേൽ വിമാനങ്ങൾ വാങ്ങിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച് സർക്കാർ അംബാനിയുടെ 'റിലയൻസ് അറ്റ്ലാന്‍റിക് ഫ്ലാഗ് ഫ്രാൻസ്' എന്ന കമ്പനിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2007 മുതൽ 2012 വരെയുള്ള കാലയളവിൽ രണ്ട് തവണയായി നികുതിവെട്ടിപ്പിന് അംബാനിയുടെ 'റിലയൻസ് അറ്റ്ലാന്‍റിക് ഫ്ലാഗ് ഫ്രാൻസ്' എന്ന കമ്പനി അന്വേഷണം നേരിട്ടിട്ടുണ്ട്. 15.1 കോടി യൂറോ നികുതി ഇനത്തിൽ കമ്പനി തരാനുണ്ടെന്നും ഈ വിഷയത്തിൽ അന്വേഷണം നേരിടുന്ന സമയത്താണ് റാഫേൽ ഇടപാട് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.