പാകിസ്ഥാന്‍പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശവുമായി ഓള്‍ ഇന്ത്യ ഇത്തേഹാദുൽ മുസ്സീമിൻ അധ്യക്ഷൻ അസ്സദുദീൻ ഒവൈസി. നിഷ്കളങ്കനെന്ന മുഖംമൂടി ഇമ്രാൻ ഖാന്‍ അഴിച്ചുവെക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു.
പുൽവാമ, ഉറി ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ വിമർശനം. ടിവി ക്യാമറക്ക് മുന്നിൽ ഇരുന്ന് ഇന്ത്യക്ക് സന്ദേശം നൽകുന്ന പരിപാടി അദ്ദേഹം നിർത്തണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ച് ആലോചിച്ച് പാകിസ്ഥാൻ ആശങ്കപ്പെടേണ്ടതില്ല. 1947 ൽ ജിന്നയുടെ നിർദേശം തള്ളി ഇവിടെ തുടരുന്നവരാണ് ഇന്ത്യൻ മുസ്ലീങ്ങള്‍. ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചും ഒവൈസി വാചാലനായി. ഇന്ത്യക്കാരുടെ ഐക്യത്തിൽ അയൽ രാജ്യത്തിന് അസൂയയാണ്. പാകിസ്ഥാനിലെ ഒരു മന്ത്രി പറയുന്നത് കേട്ടു ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്നുളള പ്രാർത്ഥാനാ ഗീതങ്ങള്‍ തങ്ങള്‍ അവസാനിപ്പിക്കുമെന്ന്. എനിക്കവരോട് പറയാനുളളത് ഇത്രമാത്രമാണ് നിങ്ങള്‍ക്ക് ഇന്ത്യയെ അറിയില്ല. മുസ്ലീങ്ങള്‍ ഇന്ത്യയിൽ ഉള്ളിടത്തോളം കാലം ക്ഷേത്രങ്ങളിൽ നിന്ന് പ്രാർത്ഥനകളും പള്ളികളിൽ നിന്ന് ബാങ്ക് ശബ്ദവും ഉയരും . ഈ രാജ്യത്തിന്‍റെ സൗന്ദര്യം അതാണ്. ഇവിടെയുളളവർ ഒന്നിച്ച് ജീവിക്കും. രാജ്യത്തിനെതിരെ എന്ത് വന്നാലും അതിനെ ഞങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും ഒവൈസി പറഞ്ഞു.
ജെയ്ഷെ മുഹമ്മദിനെ ജെയ്ഷെ സാത്താനെന്ന് വിശേഷിപ്പിച്ച ഒവൈസി മസൂദ് അസർ മൗലാനയല്ല രാക്ഷസനാണെന്നും കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ഒവൈസി പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചത്.