കേരളം

kerala

ETV Bharat / bharat

പുല്‍വാമ ഭീകരാക്രമണം, കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് - കേന്ദ്രസര്‍ക്കാര്‍

ഭീകരാക്രമണത്തിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം. സര്‍ക്കാരിനും സൈന്യത്തിനും പിന്തുണ നല്‍കി രാഹുല്‍ ഗാന്ധി രംഗത്ത്. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടെന്നും രാഹുല്‍.

സര്‍വകക്ഷി യോഗം ഇന്ന്

By

Published : Feb 16, 2019, 9:28 AM IST

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്. ആക്രമണത്തിനെതിരായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗം നടക്കുക. യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

അതേസമയം ഭീകരരെ നേരിടുന്നതിൽ സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ കൊണ്ട് രാജ്യത്തെ തകർക്കാനും വിഭജിക്കാനുമാകില്ല. കോൺഗ്രസ് ഒരു തരത്തിലുമുള്ള രാഷ്ട്രീയ വിമർശനത്തിനും ചർച്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന്‍റെ കാലത്തെ രണ്ടാമത്തെ സര്‍വകക്ഷി യോഗമാണിത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന് ശേഷം അതിനെ കുറിച്ച് വിശദീകരിക്കാനാണ് ആദ്യ തവണ യോഗം വിളിച്ചത്. 2016 സെപ്റ്റംബറിൽ സർവകക്ഷിയോഗം ചർച്ചകൾ ലക്ഷ്യമിട്ടല്ല, മിന്നലാക്രമണം നടപ്പാക്കിയതെങ്ങനെയെന്ന വിശദീകരണം മാത്രമായിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ ഉപസമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, ആഭ്യന്തര മന്ത്രി രാജനാഥ്സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്നിവരും വിവിധ സൈനിക മേധാവികളും പങ്കെടുത്തു.

അതേസമയം, പാകിസ്ഥാനെ ഒറ്റപ്പെടുത്താനുളള നീക്കം ശക്തമാക്കിയ വിദേശകാര്യമന്ത്രാലയം ചൈന അടക്കമുള്ള രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. അക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് ബോധ്യപ്പെടുത്താനാണ് ശ്രമം. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ച തുടരും.

ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 39 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പുറകേ പാകിസ്ഥാൻ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

ABOUT THE AUTHOR

...view details