ബെംഗളൂരു: ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 01-മായി പി.എസ്.എൽ.വി.-സി 49 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും എട്ട് മിനിട്ട് വൈകി 3.10നായിരുന്നു വിക്ഷേപണം.
കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം (11 മാസങ്ങള്‍ക്ക് ശേഷം) ഇതാദ്യമായാണ് ഇസ്രൊയുടെ റോക്കറ്റ് വിക്ഷേപണം. കാലാവസ്ഥാപ്രവചനത്തിന് സഹായിക്കുന്ന ഇ.ഒ.എസ്. 01 ഉപഗ്രഹത്തോടൊപ്പം യു.എസ്. അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള ഒമ്പത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.
കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഇ.ഒ.എസ്. 01. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണമാണിത്. ഇത് പിഎസ്എല്‍വിയുടെ 51-ാം വിക്ഷേപണ ദൗത്യമാണ്.
ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. ലിത്വാനയിൽ നിന്നുള്ള ആർ -2 എന്ന പരീക്ഷണ ഉപഗ്രഹവും, ലക്‌സംബർഗിലെ സ്വകാര്യ കമ്പനിയായ ക്ലിയോസ് സ്പേസിൻ്റെ നാല് ഉപഗ്രങ്ങളും, അമേരിക്കയിൽ നിന്നുള്ള സ്പൈർ ഗ്ലോബൽ കമ്പനിയുടെ നാല് ഉപഗ്രങ്ങളുമാണ് കരാർ അടിസ്ഥാനത്തിൽ വിക്ഷേപിച്ചത്.
കൊവിഡ് കണക്കിലെടുത്ത് സന്ദർശന ഗ്യാലറിയിൽ ആരെയും പ്രവേശിപ്പിച്ചില്ല. കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഐസ്‌ആറോയുടെ ആദ്യ ദൗത്യം ആയിരുന്നു ഇന്ന് നടന്നത്.