ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശിലെ അധ്യാപകരുടെ നിയമന പ്രക്രിയ സ്റ്റേ ചെയ്തതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. 69,000 അധ്യാപകരുടെ നിയമനം വീണ്ടും സ്തംഭിച്ചിരിക്കുകയാണ്. യുപി സർക്കാരിന്‍റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും ഇത് വ്യവസ്ഥാപരമായ പരാജയമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ ഉത്തരക്കടലാസ് ചോർച്ചയും കട്ട് ഓഫ് വിവാദങ്ങളുമെല്ലാമാണ് നിയമനം സ്റ്റേ ചെയ്തതിന് പിന്നിലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
അധ്യാപക നിയമനത്തിന് ഹൈക്കോടതി സ്റ്റേ; സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി
ഉത്തർപ്രദേശിലെ 69,000 അധ്യാപകരുടെ നിയമനം വീണ്ടും സ്തംഭിച്ചിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
ബുധനാഴ്ചയായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 69,000 അസിസ്റ്റന്‍റ് ബേസിക് അധ്യാപകരുടെ നിയമനം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ജൂലായ് 12ന് കേസിൽ കൂടുതൽ വാദം കേൾക്കും. നിയമനത്തിനെതിരെ സമർപ്പിച്ച റിട്ട് ഹർജികളെ തുടർന്നാണ് ജസ്റ്റിസ് അലോക് മാത്തൂരിന്‍റെ ഉത്തരവ്. ഉത്തരക്കടലാസുകൾ സംബന്ധിച്ച വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ കോടതി ഹർജിക്കാർക്ക് നിർദേശം നൽകി. അധ്യാപകരുടെ നിയമന പട്ടിക പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ബുധനാഴ്ച മുതൽ കൗൺസിലിങ് സെഷനും ആരംഭിച്ചിരുന്നു.
അതേസമയം സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിൽ 69,000 അധ്യാപകരെ നിയമിക്കുന്നതിന് ഉയർന്ന കട്ട് ഓഫ് മാർക്ക് നിലനിർത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് അംഗീകാരം നൽകിയ ഹൈക്കോടതി ഉത്തരവിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ സ്വാഗതം ചെയ്തിരുന്നു.