ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് കോൺഗ്രസില്‍ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍ രാഹുല്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതെ അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച രാഹുല്‍ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു. പുതിയ അധ്യക്ഷനെ ചൊല്ലി കോൺഗ്രസില്‍ ചർച്ചകൾ സജീവമായപ്പോൾ രാഹുലിന്‍റെ സഹോദരി പ്രിയങ്ക ഉത്തർപ്രദേശിലെ സോണോബദ്രയ്ക്ക് സമീപം ഗ്രാമത്തില്‍ കർഷകർക്കൊപ്പം സമരത്തിലായിരുന്നു.
രാഹുല്‍ പിൻമാറിയത് പ്രിയങ്കയ്ക്ക് വഴിയൊരുക്കാനോ - amreender singh
പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന തരൂരിന്‍റെ പ്രസ്താവന കോൺഗ്രസില്‍ വലിയ ചർച്ചയായി. മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങാണ് പ്രിയങ്ക അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായവുമായി പിന്നീട് രംഗത്ത് എത്തിയത്.
ഭൂമിക്ക് വേണ്ടി സമരം ചെയ്ത 10 ആദിവാസികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രിയങ്കയെ പൊലീസ് അറസ്റ്റു ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ട്വീറ്റും ചെയ്തു. അതിനു ശേഷമാണ് കോൺഗ്രസ് ദേശീയ നേതാവ് ശശി തരൂർ വീണ്ടും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയത്. പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന തരൂരിന്‍റെ പ്രസ്താവന കോൺഗ്രസില്‍ വലിയ ചർച്ചയായി. കേരളത്തില്‍ നിന്നുള്ള നേതാക്കൾ തരൂരിനെ പരസ്യമായി എതിർത്ത് രംഗത്തെത്തി. അധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് ആരും വരുന്നതിനോട് യോജിപ്പില്ലെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം നിലനില്‍ക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ പേര് സജീവ ചർച്ചയിലേക്ക് കൊണ്ടുവരുന്നത്.
ഏറ്റവും ഒടുവിലായി മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങാണ് പ്രിയങ്ക അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായവുമായി രംഗത്ത് എത്തിയത്. ഇന്ദിരാഗാന്ധിയുടെ ഛായയും പ്രഭാവവും സംഘടനാ പാടവവും പ്രിയങ്കയ്ക്കുണ്ടെന്നും അമരീന്ദർ പറഞ്ഞു. അടുത്ത കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തില്‍ പ്രിയങ്കയെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കണെന്ന അമരീന്ദറിന്‍റെ പ്രസ്താവനയോട് കോൺഗ്രസ് നേതൃത്വം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രിയങ്ക മനസ് തുറന്നിട്ടില്ലെങ്കിലും കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടാല്‍ അധ്യക്ഷയാകാൻ തയ്യാറാണെന്ന സൂചനയാണ് ഉത്തർപ്രദേശിലെ സമര മുഖത്തെ പ്രിയങ്കയുടെ സാന്നിദ്ധ്യം വ്യക്തമാക്കിയത്.