ന്യൂഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ ചൈൽഡ് ഷെൽട്ടർ ഹോമുകൾക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര രംഗത്ത്. കാൺപൂരിലെ സർക്കാർ ചൈൽഡ് ഷെൽട്ടർ ഹോമിൽ രണ്ട് പെൺകുട്ടികൾ ഗർഭിണികളാണെന്നും കൊവിഡ് പരിശോധനക്കിടയിലാണ് ഇക്കാര്യം വ്യക്തമായതെന്നും മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്.
യുപിയിലെ സർക്കാർ ചൈൽഡ് ഷെൽട്ടർ ഹോമുകൾക്കെതിരെ പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശിലെ ചൈൽഡ് ഷെൽട്ടർ ഹോമിൽ കൊവിഡ് പരിശോധനക്കിടെ രണ്ട് പെൺകുട്ടികൾ ഗർഭിണികളാണെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരുന്നു
കാൺപൂരിലെ സർക്കാർ ചൈൽഡ് ഷെൽട്ടർ ഹോമിൽ 57 പെൺകുട്ടികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയാണ് പുറത്തുവന്നിട്ടുള്ളത്. ഇവിടെ രണ്ട് പെൺകുട്ടികൾ ഗർഭിണികളാണെന്ന് കണ്ടെത്തി. ഇവരിൽ ഒരാൾ എച്ച്ഐവി പോസിറ്റീവ് ആണെന്നും പ്രിയങ്ക ഫേസ്ബുക്കിൽ കുറിച്ചു.
മുസാഫർപൂറിലെ ഷെൽട്ടർ ഫോം കേസ് രാജ്യം മുഴുവൻ തിരിച്ചറിഞ്ഞതാണെന്നും യുപിയിലെ ഡിയോറിയയിൽ നിന്നും ഇത്തരമൊരു കേസ് പുറത്തുവന്നിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. സർക്കാർ ശിശു സംരക്ഷണ ഭവനങ്ങളിൽ മനുഷ്യത്വരഹിതമായ സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.