ന്യൂഡൽഹി: രാജ്യത്തിന്‍റെ പല ഭാഗങ്ങളും വെട്ടുകിളി ആക്രമണത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയിലെ വെട്ടുകിളി പ്രതിസന്ധി നേരിടാൻ രാജ്യത്തിന് കഴിയുമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്‍റെ അറുപത്തിയഞ്ചാം പതിപ്പിൽ പ്രധാനമന്ത്രി അറിയിച്ചു.
വെട്ടുകിളി ആക്രമണം; പ്രതിസന്ധി നേരിടാന്‍ രാജ്യത്തിനാകുമെന്ന് പ്രധാനമന്ത്രി - മൻ കി ബാത്ത്
കാർഷിക മേഖലയിലെ വെട്ടുകിളി പ്രതിസന്ധി നേരിടാൻ രാജ്യത്തിന് കഴിയുമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയുടെ കിഴക്കൻ മേഖല ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രകൃതിദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ മറ്റ് പല ഭാഗങ്ങളും വെട്ടുകിളി ആക്രമണത്തിനെ നേരിടുകയാണ്. ഈ ചെറുപ്രാണികൾക്ക് എത്രമാത്രം നാശമുണ്ടാക്കാൻ സാധിക്കുമെന്ന് ഇവ നമ്മെ ഓർമിപ്പിക്കുന്നു. നിരവധി പ്രദേശങ്ങളിലേക്ക് വരുംദിവസങ്ങളിൽ വെട്ടുകിളിയുടെ ആക്രമണം വ്യാപിച്ചേക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കാർഷിക വകുപ്പും പ്രാദേശിക ഭരണകൂടങ്ങളുമെല്ലാം ആധുനിക സജ്ജീകരണങ്ങളുമായി കർഷകരെ സഹായിക്കുകയാണ്. കാർഷിക മേഖലയിലെ പ്രതിസന്ധിയെ നേരിടാൻ രാജ്യത്തിന് കഴിയുമെന്ന പ്രത്യാശയും പ്രധാനമന്ത്രി പങ്കുവച്ചു. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കെത്തിയ വെട്ടുകിളി കൂട്ടം ഇതിനോടകം തന്നെ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത നാശം സൃഷ്ടിച്ചിട്ടുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളതെന്നും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വക്താവ് അറിയിച്ചിരുന്നു.