ന്യൂഡൽഹി:ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സ് നല്‍കിയ നിർദേശങ്ങള്‍ സമയപരിധിക്കുള്ളില്‍ നടപ്പിലാക്കാന്‍ പാകിസ്ഥാന്‍ നിർബന്ധിതരായിരിക്കുകയാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. എഫ്എടിഎഫിന്‍റെ നിർദേശങ്ങള്‍ നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാകിസ്ഥാന്‍ തന്നെയാണ്.ഗ്രേ ലിസ്റ്റില്‍ നിലനില്‍ക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന് തിരിച്ചടിയാണ്. അവർ തീരുമാനത്തെ എത്രത്തോളം ഗൗരവമായികാണുന്നു എന്നതിനനുസരിച്ചായിരിക്കും പ്രവൃത്തികളെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
FATF കർമപദ്ധതി നടപ്പാക്കാൻ പാകിസ്ഥാനുമേൽ സമ്മർദ്ദം:ബിപിൻ റാവത്ത്
പാകിസ്ഥാനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും രാജ്യങ്ങള്‍ക്ക് എഫ്എടിഎഫ് നിർദേശം നല്‍കി. നിലവിൽ എഫ്.എ.ടി.എഫ് കർമപദ്ധതിയനുസരിച്ച് ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാൻ.
ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും ഭീകര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പാകിസ്ഥാന് തിരിച്ചടിയായത്. 2018 ജൂണിലാണ് എഫ്.എ.ടി.എഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. തുടർന്ന് എഫ്.എ.ടി.എഫിന്‍റെ 27 ഇന കർമ പദ്ധതി നടപ്പിലാക്കാന്‍ 15 മാസവും അനുവദിച്ചിരുന്നു. എന്നാല്‍ അതില്‍ ആറെണ്ണം മാത്രമാണ് പാകിസ്ഥാൻ ഇതുവരെ നടപ്പാക്കിയിട്ടുള്ളത്. 2020 ഫെബ്രുവരിയിൽ പാകിസ്ഥാൻ കാര്യമായ പുരോഗതി നേടിയില്ലെങ്കിൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് എഫ്.എ.ടി.എഫ് പ്രസിഡന്‍റ് സിയാങ്‌മിൻ ലിയു അറിയിച്ചിട്ടുണ്ട്.