പാറ്റ്ന: ജനതാദള്‍ യുണെറ്റഡ് ദേശീയ വൈസ് പ്രസിഡന്‍റും, തെരഞ്ഞെടുപ്പ് വിദഗ്‌ധനുമായ പ്രശാന്ത് കിഷോര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും.
ദേശീയ പൗരത്വ ബില്‍ ഭേദഗതിയെ പിന്തുണച്ച ജനതാ ദള്‍ (യു) നിലപാടില്‍ പരസ്യമായി അസംതൃപ്‌തി അറിയിച്ചതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന്‍റെ സന്ദര്‍ശനം. വിഷയത്തിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് പ്രശാന്ത് കിഷോര്‍ പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൗരത്വം ലഭിക്കുന്നവരുടെ പട്ടികയില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. ബിജെപി ഇതരി പാര്‍ട്ടികള്‍ ഭരിക്കുന്ന 16 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ബില്ലിനെ എതിര്‍ത്തപ്പോഴാണ് ജനതാ ദള്‍ ബിജെപി അനുകൂല നിലപാടെടുത്തത്. ഇത് പാര്‍ട്ടിയുടെ ഭരണഘടനക്കെതിരാണെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പൗരത്വ ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത ജെഡിയു മുതിര്‍ന്ന നേതാവ് ഗുലാം റസൂല്‍ ബല്യാവിയെ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച് ശാസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.