മോദിയുടെ പ്രശസ്‌തി നഷ്‌ടമാകുന്നുവെന്ന് തരുൺ ഗൊഗോയ് - asam
മോദിക്കും ബിജെപിക്കും എല്ലായ്‌പ്പോഴും ജനങ്ങളെ പറ്റിക്കാൻ കഴിയില്ലെന്നും ഇപ്പോൾ ജനപ്രീതി നഷ്‌ടപ്പെടുകയാണെന്നും തരുൺ ഗൊഗോയ് പറഞ്ഞു.
ദിസ്‌പൂർ: മഹാരാഷ്‌ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്‌തി നഷ്‌ടപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നതായി അസം മുൻമുഖ്യമന്ത്രി തരുൺ ഗൊഗോയ് ശനിയാഴ്‌ച പറഞ്ഞു.
മഹാരാഷ്‌ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പുകൾ നരേന്ദ്ര മോദി സർക്കാർ അജയ്യരല്ലെന്ന് വ്യക്‌തമാക്കി. മോദിക്ക് എല്ലായ്‌പ്പോഴും ജനങ്ങളെ പറ്റിക്കാൻ കഴിയില്ലെന്നും ഇപ്പോൾ ജനപ്രീതി നഷ്‌ടപ്പെടുകയാണെന്നും തരുൺ ഗൊഗോയ് പറഞ്ഞു. ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പ്രകടനം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്‌ത് വിശകലനം ചെയ്യുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ അടുത്ത തവണ നല്ലൊരവസരം ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസമിൽ വിദേശികളായി പ്രഖ്യാപിച്ചിട്ടുള്ളവർക്കുള്ള തടങ്കൽ ക്യാമ്പിലെ രണ്ടാമത്തെ മരണത്തെകുറിച്ചും അദ്ദേഹം പരാമർശിച്ചു. "വളരെ ദൗർഭാഗ്യകരമായ സംഭവത്തിന് കാരണം സർക്കാരിന്‍റെ അശ്രദ്ധയാണെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നും തരുൺ ഗൊഗോയ് കൂട്ടിച്ചേർത്തു. തടവിലുള്ളവരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.