പനാജി: കൊവിഡ് വാക്‌സിൻ നൽകുന്നതിനുള്ള ഒരുക്കങ്ങളും രീതികളും പരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. കൊവിഡ് വ്യാപനം കൂടുതലായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാന മന്ത്രി നടത്തിയ വെർച്വൽ മീറ്റിംഗിൽ സാവന്ത് പങ്കെടുത്തിരുന്നു.
കൊവിഡ് വാക്‌സിനുള്ള പദ്ധതി തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി പ്രമോദ് സാവന്ത്
ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കുമായിരിക്കും കൊവിഡ് വാക്‌സിൻ എത്തിക്കഴിഞ്ഞാൽ മുൻഗണനയെന്ന് പ്രമോദ് സാവന്ത്
ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ആദ്യം വാക്‌സിൻ ലഭിക്കുമെന്നും തുടർന്ന് 65 വയസിന് മുകളിലുള്ളവർക്കും രോഗാവസ്ഥയിലുള്ളവർക്കും വാക്‌സിൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ശ്രദ്ധ കൈവിടരുതെന്നും മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക എന്നീ നടപടികൾ തുടരണമെന്നും സാവന്ത് കൂട്ടിചേർത്തു.
ഗോവയിലെ കൊവിഡ് ബാധിതരുടെ എണ്ണം നിലവിൽ 46,901ൽ എത്തിനിൽക്കുകയാണ്. വരാനിരിക്കുന്ന പുതുവർഷ സീസണിനെക്കുറിച്ച് ചോദിച്ചപ്പോൾ, സന്ദർശകർക്ക് സംസ്ഥാനം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നും എന്നാൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ശരീര താപനില പരിശോധിക്കുന്നതിനായി തെർമൽ സ്‌കാനിംഗ് ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.