ജയ്പൂർ:രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സച്ചിൻ പൈലറ്റ് പക്ഷം. വോട്ടെടുപ്പ് നടത്തുമ്പോൾ എത്ര എംഎല്‍എമാര്‍ അശോക് ഗെലോട്ട് സർക്കാരിന്‍റെ പക്കലുണ്ടെന്ന് വ്യക്തമാകുമെന്ന് സംസ്ഥാന ഭക്ഷ്യ-സിവിൽ വിതരണ മന്ത്രി രമേശ് മീന പറഞ്ഞു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോൺഗ്രസ് നിയമസഭാ പാർട്ടി യോഗങ്ങൾ ഒഴിവാക്കിയ കോൺഗ്രസ് നിയമസഭാംഗങ്ങളിൽ സച്ചിന്‍ പൈലറ്റിന്‍റെ വിശ്വസ്തയായ മീനയും ഉൾപ്പെടുന്നു. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ഇതിലൂടെ 109 എംഎൽഎമാരുടെ പിന്തുണ അശോക് ഗെലോട്ട് സർക്കാരിനുണ്ടെന്ന അവകാശവാദത്തിന്‍റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാനാകുമെന്നും മീന പറഞ്ഞു.
കോൺഗ്രസ് എംഎൽഎയായ ദീപേന്ദ്ര സിംഗ് ശൈഖാവത്തും തിങ്കളാഴ്ച ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എത്രയും വേഗം വിശ്വാസ വേട്ടെടുപ്പ് നടത്തണമെന്നും ഇത് സ്ഥിതി വ്യക്തമാക്കുമെന്നും തങ്ങൾ കോൺഗ്രസിനൊപ്പവും കോൺഗ്രസ് (സംസ്ഥാന) പ്രസിഡന്‍റ് സച്ചിൻ പൈലറ്റിനൊപ്പം ഉണ്ടെന്നും ദീപേന്ദ്ര സിംഗ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
കോൺഗ്രസും മറ്റുള്ളവരും അടക്കം 109 എംഎൽഎമാർ സർക്കാരിനെ പിന്തുണക്കുന്നുണ്ടെന്നാണ് അശോക് ഗെലോട്ട് പക്ഷത്തിന്‍റെ അവകാശം. പാർട്ടി നേതാക്കളെയും അഞ്ച് വർഷത്തോളം കഠിനാധ്വാനം ചെയ്ത തൊഴിലാളികളെയും മുഖ്യമന്ത്രി ഗെലോട്ട് അവഗണിച്ചുവെന്ന് സച്ചിൻ പൈലറ്റുമായി അടുപ്പമുള്ള കോൺഗ്രസ് എംഎൽഎ മുരാരി ലാൽ മീന ആരോപിച്ചു.
കിഴക്കൻ രാജസ്ഥാനില്‍ കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ സമുദായങ്ങൾ അവഗണിക്കപ്പെടുകയാണെന്നും തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ ഗെലോട്ട് പാലിക്കുന്നില്ലെന്നും മീന ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. കോൺഗ്രസിനെ രക്ഷിക്കണമെങ്കില്‍ അഴിച്ച് പണികൾ ആവശ്യമാണെന്നും അല്ലാത്തപക്ഷം 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിക്ക് 11 സീറ്റുകൾ മാത്രമേ ലഭിക്കുവെന്നും മീന പറഞ്ഞു.