കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ നാടകീയ നീക്കങ്ങള്‍ : ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമോ ? - ബിജെപി

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും, എന്‍സിപിയും, കോണ്‍ഗ്രസും ഒന്നിക്കുമെന്ന് സൂചനകളുണ്ട്. ഇനി നാല് ദിവസം കൂടി മാത്രമാണ് കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി.  ശരദ് പവാര്‍ സോണിയ ഗാന്ധിയുമായും, ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായുമായും ഇന്ന് കൂടികാഴ്‌ച നടത്തുന്നുണ്ട്. ഈ രണ്ട് ചര്‍ച്ചകളായിരിക്കും മഹാരാഷ്‌ട്രയുടെ ഭാവി തീരുമാനിക്കുക

മഹാരാഷ്‌ട്രയില്‍ നാടകീയ നീക്കങ്ങള്‍ : ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമോ ?

By

Published : Nov 4, 2019, 11:01 AM IST

മുംബൈ: മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ബിജെപി - ശിവസേന തര്‍ക്കത്തില്‍ കുരുങ്ങികിടക്കുന്നതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും, എന്‍സിപിയും, കോണ്‍ഗ്രസും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഹാരാഷ്‌ട്രയിലെ പുതിയ സാഹചര്യം വിലയിരുത്താന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടികാഴ്‌ച നടത്തുമെന്ന് എന്‍സിപി അംഗം അജിത് പവാര്‍ അറിയിച്ചു. ശിവസേനയുമായി സഹകരിച്ച് മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയം ഇരുവരും ചര്‍ച്ച ചെയ്യും.

സംസ്ഥാനത്തെ സാഹചര്യം കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കെയാണ് നിര്‍ണായ നീക്കങ്ങള്‍ക്ക് മഹാരാഷ്‌ട്ര രാഷ്‌ട്രീയം വേദിയാകുന്നത്. അതേസമയം ഇന്ന് വൈകീട്ട് അഞ്ചിന് ഗവർണർ ഭഗത് സിംഗ് കോശ്യാരിയെ കാണാന്‍ ശിവസേന തീരുമാനിച്ചിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി പരാജയപ്പെട്ടാൽ വലിയ രണ്ടാമത്തെ കക്ഷി എന്ന നിലയിൽ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ഗവർണറോട് നേതാക്കൾ ആവശ്യപ്പെടും.

286 അംഗ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 105 സീറ്റുകള്‍ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 56 സീറ്റുകള്‍ നേടി ശിവസേന രണ്ടാമതെത്തിയപ്പോള്‍. 54 സീറ്റുകളുമായി എല്‍സിപിയും, 44 സീറ്റുകള്‍ നേടി കോണ്‍ഗ്രസും പിന്നിലായി. 12 സ്വതന്ത്രന്‍മാരും ജയം നേടിയിരുന്നു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെ രണ്ടര വര്‍ഷക്കാലം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടു. എന്നാല്‍ ശിവസേനയുടെ ആവശ്യത്തോട് ബിജെപി മുഖം തിരിച്ചതോടെ മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായി.

തര്‍ക്കം രൂക്ഷമായപ്പോള്‍ രാഷ്ട്രപതി ഭരണമെന്ന ഭീഷണിയുമായി ബിജെപി രംഗത്തെത്തിയതോടെയാണ് പുതിയ കളികളുമായി ശിവസേന രംഗത്തിറങ്ങിയിരിക്കുന്നത്. എട്ട് സ്വതന്ത്രർ കൂടി സേനപക്ഷത്തുണ്ട്. ഇതോടെ ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 62 ആകും. കോൺഗ്രസ്- എൻസിപി സഖ്യത്തിനൊപ്പം 110 എംഎൽഎമാരുണ്ടെന്നാണ് അവകാശവാദം. ഇവരെല്ലാം കൂടി ഒരുമിച്ച് നിന്നാൽ ഭൂരിപക്ഷം 170 കടക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ശിവസേനാ നേതൃത്വം.

കൗതുകകരമായ സംഭവങ്ങളാണ് സത്യത്തില്‍ മഹാരാഷ്‌ട്രയില്‍ സംഭവിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതിപക്ഷത്തിരിക്കാനാണ് തങ്ങളോട് ജനങ്ങള്‍ ആവശ്യപ്പെട്ടതെന്ന പ്രസ്‌താവനുമായി രംഗത്തെത്തിയ ആളാണ് ശരത് പവാര്‍. ഒരു കാരണവശാലും, ശിവസേനയ്‌ക്കൊപ്പം പോകില്ലെന്നും ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. പുതിയ നീക്കം സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്‌ടപ്പെട്ട അധികാരം ഒരു പരിധി വരെ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനും,എന്‍സിപിക്കും വഴിയൊരുക്കും.

അതേസമയം നിലവിലെ സാഹചര്യത്തില്‍ ബിജെപി എന്ത് നിലപാടെടുക്കും എന്നുള്ളതും ശ്രദ്ദേയമാണ്. മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശിവസേനയുമായി ഉടമ്പടിയിലെത്താൻ കഴിയാത്തതിനെ പറ്റി ഫഡ്‌നാവിസ് അമിത് ഷായ്‌ക്ക് വിശദീകരണം നൽകും.

നാല് ദിവസം കൂടി മാത്രമാണ് കാവൽ സർക്കാറിന്‍റെ കാലാവധി. അതിനുള്ളില്‍ വിഷയത്തില്‍ പരിഹാരം കാണേണ്ടതുണ്ട്. ശിവസേനയുടെ ആവശ്യം അംഗീകരിക്കേണ്ടിവന്നാല്‍ ബിജെപിക്ക് അത് വലിയ ക്ഷീണമാകും. അതിനാല്‍ തന്നെ ബദല്‍ മാര്‍ഗങ്ങളായിരിക്കും അമിത് ഷാ മുന്നോട്ട് വയ്‌ക്കുക. എന്നാല്‍ മറുവശത്ത് ശിവസേനയും, എന്‍സിപിയും കോണ്‍ഗ്രസും കൈകോര്‍ത്താല്‍ കാര്യങ്ങള്‍ ബിജെപിയുടെ കൈവിട്ടുപോകുമെന്നതില്‍ സംശയമില്ല

ABOUT THE AUTHOR

...view details