ഹൈദരാബാദ്: സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ മകനെ ഓർത്ത് അഭിമാനമുണ്ടെന്ന് ഇന്ത്യ- ചൈന അതിർത്തിയില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്‍റെ മാതാവ് മഞ്ജുള പറഞ്ഞു. ഞായറാഴ്ചയാണ് മകനോട് അവസനാമായി സംസാരിച്ചത്. ഡല്‍ഹിയില്‍ താമസിക്കുന്ന മരുമകളാണ് ദു:ഖവാർത്ത ഞങ്ങളെ വിളിച്ചറിയിച്ചത്. മാതൃരാജ്യത്തിന് വേണ്ടിയാണ് അവൻ ജീവൻ വെടിഞ്ഞത് എന്നത് അഭിമാനം നല്‍കുന്നു. പ്രദേശത്തെ സംഘർഷ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ റിപ്പോർട്ടുകൾ വിശ്വസിക്കണ്ടെന്നും യഥാർഥ സ്ഥിതി വ്യത്യസ്തമാണ് എന്നാണ് സന്തോഷ് പറഞ്ഞതെന്നും കണ്ണീരോടെ മഞ്‌ജുള പറഞ്ഞു.
മകനെക്കുറിച്ച് ഓർത്ത് അഭിമാനം; കണ്ണീരോടെ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്‍റെ മാതാപിതാക്കൾ സായുധ സേനയെ സേവിക്കുകയെന്ന എന്‍റെ സ്വപ്‌നങ്ങളാണ് മകനിലൂടെ സാഫല്യമായതെന്ന് കേണലിന്‍റെ പിതാവും റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ബി.ഉപേന്ദർ പറഞ്ഞു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സന്തോഷ് സൈനിക് സ്‌കൂളില്‍ ചേരുന്നത്. 2004ല്‍ ആണ് സന്തോഷ് സൈന്യത്തില്‍ ചേർന്നത്. ആദ്യ പോസ്റ്റിങ് ജമ്മു കശ്മീരിലായിരുന്നു. സൈന്യത്തില്‍ ചേരാൻ എനിക്ക് സാധിച്ചില്ല. പക്ഷെ എന്‍റെ മകനിലൂടെ ആ ആഗ്രഹം സാധിച്ചു. ബന്ധുക്കൾ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും ഉപേന്ദർ വിഷമത്തോടെ ഓർത്തു.
ചൊവ്വാഴ്ച ഉച്ചയോടെ ആണ് മകന്‍റെ വിയോഗ വാർത്ത ഞെട്ടലോടെ കുടുംബം അറിഞ്ഞത്. അന്ത്യ കർമ്മങ്ങൾക്കായി ഹൈദരാബാദിലെ സൂര്യാപേട്ടിലെ വസതിയിലേക്ക് ബാബുവിന്‍റെ മൃതദേഹം ബുധനാഴ്‌ച എത്തിക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ.ഭാസ്കരൻ പറഞ്ഞു. രാജ്യത്തെ സേവിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം സഫലീകരിച്ച ശേഷമാണ് കേണല്‍ സന്തോഷിന്‍റെ വീരമൃത്യു. സ്വന്തം നാടായ ഹൈദരാബാദിലേക്കുള്ള സ്ഥലം മാറ്റത്തിനായി സന്തോഷ് കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ വിയോഗം. ഡല്‍ഹിയില്‍ ഭാര്യക്കും മക്കൾക്കും ഒപ്പമാണ് കേണല്‍ സന്തോഷ് താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ലഡാക്കിലെ ഗല്‍വാൻ താഴ്‌വരയില്‍ ഉണ്ടായ സംഘർഷത്തില്‍ കേണല്‍ സന്തോഷ് ബാബു ഉൾപ്പെടെ 20 സൈനികരാണ് കൊല്ലപ്പെട്ടത്. 45 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരം ഒരു ആക്രമണം നടക്കുന്നത്. കേണല്‍ സന്തോഷ് ബാബുവിന്‍റെ നിര്യാണത്തില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അനുശോചിച്ചു. മൃതദേഹം സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിനിധിയായി ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജഗദീഷ് റെഡിക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് ത്സോ, ഗാല്‍വാൻ വാലി, ഡെംചോക്ക് എന്നീ പ്രദേശങ്ങളിലാണ് ഇന്ത്യൻ ചൈനീസ് സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നത്. ഇന്ത്യൻ അതിർത്തിയിലേക്ക് ചൈനീസ് കരസേനയിലെ ഒരു വിഭാഗം അതിക്രമിച്ച് കടക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം അതിക്രമത്തെ ശക്തമായി എതിർക്കുകയും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.