ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കണമെന്ന് കെ. പളനിസ്വാമി - TN fishermen
40 പേരാണ് ഇറാനില്‍ കുടുങ്ങിയത്. ഇവരെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു.
ചെന്നൈ:ഇറാനില്‍ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി. ആവശ്യമുന്നയിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് പളനിസ്വാമി കത്തയച്ചു. ഇത് രണ്ടാമത്തെ തവണയാണ് ഈ ആവശ്യമുന്നയിച്ച് തമിഴ്‌നാട് കേന്ദ്രത്തിന് കത്തയക്കുന്നത്. മെയ് 19നും സമാന രീതിയില്‍ കത്തയച്ചിരുന്നു. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ഇന്ത്യ കപ്പലയച്ചിരുന്നു. എന്നാല്‍ ഈ കപ്പലില്‍ ഇടം കിട്ടാതെ പോയ 40 പേരാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. നേരത്തെ ഐഎന്‍എസ് ജലാശ്വയില്‍ തമിഴ്‌നാട്ടുകാരായ 681 മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിരുന്നു. ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനമായ ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ ഭാഗമായിരുന്നു നടപടി.