കടുത്ത നിലപാടുമായി പാകിസ്ഥാന്‍; ഹൈക്കമ്മീഷണറെ പുറത്താക്കി, സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം
19:11 August 07
ഇന്ത്യക്കെതിരെ യു എന്‍ രക്ഷാസമിതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്‍
ഇസ്ലാമാബാദ്:ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തിവെക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. പാകിസ്ഥാന്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ പ്രതിഷേധിച്ചാണ് പാക് നീക്കം.
കശ്മീർ പ്രശ്നം യു.എന്നിൽ ഉന്നയിക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ ചുമതലയേല്‍ക്കാനിരുന്ന പാക് അംബാസിഡറെ സ്ഥാനമേറ്റെടുക്കുന്നതില്‍ നിന്നും വിലക്കി. പാകിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറെ പുറത്താക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേശി അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി പാകിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത യോഗം ഇസ്ലാമാബാദില്‍ നടന്നു വരികയായിരുന്നു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു സംയുക്ത യോഗം ചേര്‍ന്നത്. ഇതിനു പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉന്നതതല യോഗം പാക് പ്രധാനമന്ത്രി വിളിച്ചത്. പാകിസ്ഥാന്‍ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും യോഗത്തില്‍ പങ്കെടുത്തു.
TAGGED:
PAK