അഗർത്തല:ത്രിപുരയിൽ 223 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 101 പേർ ബിഎസ്‌എഫ് ജവാന്മാരാണ്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,892 ആയി ഉയർന്നു. 1,114 പേർ ചികിത്സയിൽ തുടരുമ്പോൾ 1,759 പേർ രോഗമുക്തി നേടി. ഇതുവരെ അഞ്ച് പേർ മരിക്കുകയും 14 പേർ ഇതരസംസ്ഥാനങ്ങളിലേക്ക് പോവുകയും ചെയ്‌തു. പുതിയ രോഗബാധിതരിൽ ആറ് പേർ വിദേശത്ത് നിന്നെത്തിയവരാണ്. 30 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. 179 പേർക്ക് ആന്‍റിജൻ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ എട്ട് പേർക്ക് മാത്രമാണ് രോഗലക്ഷണങ്ങൾ ഉള്ളത്.
ത്രിപുരയിൽ 223 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരിൽ 101 ബിഎസ്‌എഫ് ജവാന്മാർ
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,892. രോഗമുക്തി നേടിയവർ 1,759.
പരിശോധന, രോഗനിർണയം, ചികിത്സ എന്നിവ മാത്രമാണ് രോഗവ്യാപനം തടയാനുള്ള ഏകമാർഗമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകളുടെ എണ്ണം കൂട്ടുന്നുണ്ട്. മതിയായ മെഡിക്കൽ സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്. എല്ലാവരും സർക്കാർ മാർഗനിദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച ബിഎസ്‌എഫ് ജവാന്മാരെല്ലാം സൽബാഗനിലെ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. സൽബാഗൻ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചതായി ബിഎസ്‌എഫ് വക്താവ് അറിയിച്ചു. ബിഎസ്‌എഫ് ഉദ്യോഗസ്ഥർ സ്ഥലം മാറി വന്നതും അവധി കഴിഞ്ഞെത്തിയതും കൊവിഡ് വ്യാപന സാധ്യത കൂട്ടിയതായി അദ്ദേഹം പറഞ്ഞു.