ഹരിയാനയിൽ കൊവിഡ് ചികിത്സയിലിരുന്ന പ്രതി രക്ഷപ്പെട്ടു - കൊവിഡ് കേസ്
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാമ്യം അനുവദിച്ച ശിവകുമാറാണ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്
ചണ്ഡീഗഡ്: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരുന്ന പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. പ്രതിയായ ശിവകുമാർ ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നുവെന്നും ജിന്ദ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ധരംബീർ സിങ് പറഞ്ഞു. ഐപിസി സെക്ഷൻ 377 പ്രകാരം രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. പൊലീസ് സുരക്ഷ മാറ്റിയതിനെ തുടർന്നാണ് ഇയാൾ ജനാല തകർത്ത് രക്ഷപ്പെട്ടതെന്നും പിപിഇ കിറ്റാണ് ഇയാൾ ധരിച്ചിരിക്കുന്നതെന്നും ധരംബീർ സിങ് പറഞ്ഞു. ദുരന്തനിവാരണ നിയമപ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും ഉടനെ പ്രതിയെ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.