ന്യൂഡൽഹി: പൊതുവിതരണത്തിന്‍റെ ഭാഗമായി (പിഡിഎസ്) 81 കോടിയിലധികം ഗുണഭോക്താക്കൾക്ക് അടുത്ത ഒമ്പത് മാസത്തേക്ക് ഭക്ഷണം നൽകുവാനുള്ള ധാന്യങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചു. ലോക് ഡൗൺ പശ്ചാത്തലത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം കൂടുതലായി ആവശ്യമായി വന്ന സാഹചര്യത്തിൽ ആഹാരസാധനങ്ങളുടെ ക്ഷാമമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്‍റെ ഭക്ഷ്യധാന്യ ശേഖരം സമ്പന്നം; ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ
81 കോടിയിലധികം ഗുണഭോക്താക്കൾക്ക് അടുത്ത ഒമ്പത് മാസത്തേക്ക് ഭക്ഷണം നൽകുവാനുള്ള ധാന്യങ്ങളുണ്ടെന്നും ആശങ്ക വേണ്ടെന്നും രാം വിലാസ് പാസ്വാൻ അറിയിച്ചു
ഏപ്രിൽ 10വരെയുള്ള കണക്കുപ്രകാരം സർക്കാർ ഗോഡൗണുകളിൽ 299.45 എൽഎംടി (ലക്ഷം മെട്രിക് ടൺ) അരിയും 235.33 എൽഎംടി ഗോതമ്പും ഉണ്ട്. ഇവയിൽ നിന്നും 534.78 എൽഎംടി ധാന്യങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് വിതരണം ചെയ്‌തു. ഈ മാസം അവസാനം വരെ രാജ്യം അടച്ചുപൂട്ടുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉൾപ്പടെ പല പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും അരി, ഗോതമ്പ് പോലുള്ള ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ അവ ബാധകമാകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് 21 ദിവസത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് പൊതുവിതരണ സമ്പ്രദായം വഴി ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിച്ചിരുന്നു. കൂടാതെ, സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർക്ക് മാസം തോറും ലഭിക്കുന്ന 35കിലോഗ്രാം റേഷന് പുറമെ അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങൾ കൂടി നൽകാനും കേന്ദ്രം നിർദേശിച്ചിരുന്നതായി രാം വിലാസ് പാസ്വാൻ കൂട്ടിച്ചേർത്തു.